തിരുവനന്തപുരം: കിറ്റക്‌സ് പ്രശ്നം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കണ്ടെന്നും സർക്കാർ തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്‌നം മാത്രമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനും കമ്പനി മാറ്റി സ്ഥാപിക്കാനുമുള്ള നിലപാടിൽ കോൺഗ്രസിന് പങ്കുമില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്പനി തമിഴ്നാട്ടിലേക്ക് പറിച്ചു നടുമെന്ന് കമ്പനിയുടമകൾ പറഞ്ഞപ്പോൾ മന്ത്രിയായിരുന്ന കെ. ബാബുവിനെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ചുമതലപ്പെടുത്തി. അത്തരമൊരു സമീപനം ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കോൺഗ്രസ് എം.എൽ.എ മാർ പരാതി നൽകിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതിൽ മലിനീകരണനിയന്ത്രണ ബോർഡ് പരിശോധന നടത്തിയതായി അറിവില്ല. എല്ലാ പരിശോധനകളും നടന്നത് സി.പി.എമ്മിന്റെ അറിവോടെയാണെന്നും സതീശൻ പറഞ്ഞു.