1

തിരുവനന്തപുരം: കാസർകോട് ചെന്നിക്കരയിൽ വണ്ട് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരി അൻവേദ് മരിച്ചതിന്റെ വേദന വിട്ടുമാറുംമുമ്പ് മിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ആറുവയസുകാരിയുടെ ദാരുണാന്ത്യം.

തൃക്കണ്ണാപുരം തേവർപഴിഞ്ഞി മേക്കതിൽ പുത്തൻവീട്ടിൽ രാജേഷിന്റെയും കവിതയുടെയും ഏക മകൾ നിവേദിതയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

ബന്ധുവായ സുരേഷിന്റെ മകൾ അശിതയോടൊപ്പം മിക്സ്ചർ കഴിക്കുകയായിരുന്നു. അച്ഛൻ വീടിനു പുറത്തും അമ്മ അടുക്കളയിലുമായിരുന്നു. തൊണ്ടയിൽ എന്തോ കുരുങ്ങിയെന്നു പറഞ്ഞപ്പോൾ അമ്മ പഴം നൽകി. അസ്വസ്ഥത കൂടിയതോടെ പിതാവും ബന്ധുക്കളും ഓട്ടോയിൽ നേമം ശാന്തിവിള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിക്സ്ചറിലെ കടല ശ്വാസനാളത്തിൽ കണ്ടെത്തിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതാകാം മരണകാരമെന്നാണ് നിഗമനം. മിക്സ്ചർ കഴിക്കവേ, ചിരിക്കുകയോ മറ്റോ ചെയ്തപ്പോൾ അന്നനാളത്തിൽനിന്ന് പൊരികടല ശ്വാസനാളത്തിൽ കയറിയതാവാമെന്നാണ് നിഗമനം.

ഒന്നാം ക്ലാസിൽ എത്തുംമുമ്പ്

കോട്ടൺഹിൽ ഗവ.എൽ.പി.എസിൽ യു.കെ.ജി പഠനം കഴിഞ്ഞ് ഇന്നലെ ഒന്നാംക്ലാസിലേക്കുള്ള പ്രവേശന നടപടി പൂർത്തിയാക്കാനിരിക്കെയാണ് ദുരന്തം. ഓട്ടോ ഡ്രൈവറാണ് രാജേഷ്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.