ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ദേശീയപാത വികസനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും കാൽനടയാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനായിട്ടില്ലെന്ന് പരാതി. ദേശീയപാത വികസനത്തോടൊപ്പം റോഡിന് കുറുകേ ഫുട്ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യമാണ് അധികൃതർ അവഗണിക്കുന്നത്. നിലവിൽ കാൽനടയാത്രക്കാർ ഒരുപാട് സമയം കാത്തുനിന്നാണ് ആറ്റിങ്ങൽ ഭാഗത്ത് റോഡു മുറിച്ചുകടക്കുന്നത്. വിദ്യാർത്ഥികളും പ്രായമേറിയവരുമുൾപ്പെടുന്ന കാൽനടയാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. റോഡ് നാലുവരി പാതയായതോടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കാൻ കാൽനടയാത്രക്കാർ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കും. ജനങ്ങളുടെ ഈ ദുരിതം കണക്കിലെടുത്ത് ദേശീയപാതയുടെ തിരക്കേറിയ ഭാഗങ്ങളിൽ ഫുട്ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ആറ്റിങ്ങലിൽ അടുത്തിടെ വൻകിട കച്ചവടസ്ഥാപനങ്ങൾ കൂടി ബ്രാഞ്ചുകൾ തുറന്നതോടെ കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുമ്പോൾ തിരക്ക് അധികമാകും. പൊലീസിന്റെയോ ട്രാഫിക്കിന്റെയോ സേവനം ഉണ്ടായാലും കാൽനടയാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ.
ഫുട്ഓവർബ്രിഡ്ജ് അനിവാര്യം
റഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾക്കിടയിലൂടെ ഓടിയിറങ്ങുന്നവർക്ക് അപകടം സംഭവിക്കാൻ ഇടയുണ്ട്. കാൽനടയാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ ഫുട്ഓവർബ്രിഡ്ജ് അത്യാവശ്യമാണെന്നു തന്നെയാണ് പൊലീസിന്റെയും അഭിപ്രായം. അതിനാൽ ബന്ധപ്പെട്ട അധികൃതർ ഫുട്ഓവർബ്രിഡ്ജ് നിർമ്മാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഫുട്ഓവർബ്രിഡ്ജ് വേണ്ടത് 5 സ്ഥലങ്ങളിൽ
1.കച്ചേരിനടയിൽ സബ്ട്രഷറിക്ക് മുൻവശം
2. പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്
3. കിഴക്കേനാലുമുക്ക്
4. ഗ്രന്ഥശാലയ്ക്ക് സമീപം
5. സി.എസ്.ഐ ജംഗ്ഷൻ
വരാനിരിക്കുന്ന ദുരിതങ്ങൾ
1.കാൽനടയാത്രക്കാരുടെ അപകടങ്ങൾ നിത്യസംഭവമാകും
2.സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ പെടാപ്പാടാകും
3. ഗതാഗത കുരുക്ക് വർദ്ധിക്കും