kallan

കഴക്കൂട്ടം: വളർത്തുമൃഗങ്ങളെ മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ വീട്ടമ്മ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടും രക്ഷയില്ല. ഒടുവിലായി കാളക്കിടാവിനെയും കള്ളന്മാർ തട്ടിയെടുത്തു. പള്ളിപ്പുറം മുഴിതിരിയാവട്ടത്ത് ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന വീട്ടമ്മ ഗീതാവിജയന്റെ വീട്ടിലാണ് സംഭവം.

നാലുമാസത്തിനിടെ ആറ് വളർത്തു മൃഗങ്ങളെയാണ് നഷ്ടമായത്. ആദ്യം രണ്ട് ആടിനെയും പിന്നെ ഗർഭിണിയായ രണ്ട് ആടിനെയുമാണ് മോഷ്ടിച്ചത്. ഇതിനിടെ പശുക്കുട്ടിയെ മോഷ്ടിച്ചെങ്കിലും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഒമ്നി വാനിലെത്തിയ രണ്ടുപേരാണ് ഞായറാഴ്ച രാത്രി 12ഓടെ തൊഴുത്തിൽ കെട്ടിയിരുന്ന കാളക്കുട്ടിയെ അഴിച്ചുകൊണ്ടുപോയത്. ഇരുവരും വാഹനത്തിലെത്തുന്നതും കാളക്കുട്ടിയെ അഴിച്ചുകൊണ്ട് പോകുന്നതും സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഭ‌ർത്താവും രണ്ടുമക്കളുമടങ്ങുന്ന കുടുംബം രണ്ടരസെന്റ് ഭൂമിലെ ചെറിയ വീട്ടിലാണ് കഴിയുന്നത്. രണ്ടു ലക്ഷത്തോളം രൂപ പലിശയ്ക്കെടുത്ത് ആടിനെയും കോഴിയെയും വാങ്ങി വളർത്തിവിറ്റാണ് ഇവർ ജീവിക്കുന്നത്. അതിനിടയിലാണ് കള്ളന്മാരുടെ ശല്യം വർദ്ധിച്ചത്. തുടർന്നാണ് പഴയ സി.സി ടിവി കാമറ വീട്ടിൽ സ്ഥാപിച്ചത്. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.