dddddddd

സേവനം നൽകിയത് 337 ഷിപ്പുകൾക്ക്,​ നേടിയത് 4 കോടി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ അവസരമാക്കി വിഴിഞ്ഞം തുറമുഖത്ത് ക്രൂചെയ്ഞ്ചിംഗ് തുടങ്ങിയിട്ട് 15ന് ഒരു വർഷമാകുന്നു. വാണിജ്യ കപ്പലുകളിലെ "ക്രൂ " കൾക്ക് ജോലിയിൽ നിന്നിറങ്ങാനും വീണ്ടും കയറാനും നേരത്തെ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡ് കാലത്ത് ക്വാറന്റൈൻ തുടങ്ങിയ നിയന്ത്രണങ്ങൾ വന്നതോടെയാണ് കേരളത്തിൽ ക്രൂ ചെയ്ഞ്ച് നടത്തുന്നതിനെക്കുറിച്ചുള്ള ആലോചന ആരംഭിച്ചത്.

അന്താരാഷ്ട്ര കപ്പൽ പാതയോടുള്ള വിഴിഞ്ഞത്തിന്റെ സാമീപ്യം, കപ്പലിന് തീരത്ത് അടുത്തുവരെ എത്താൻ കഴിയുന്നത്, റെഡ് സീ, ഗൾഫ് മാത്രമല്ല ഇന്ത്യയിലേക്കും പുറത്തേക്കും ഏത് ഭാഗത്തേക്കും പോകാൻ സൗകര്യം എന്നിവയും വിഴിഞ്ഞത്തിന് ഗുണമായി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുമതി നൽകിയതോടെ വിഴിഞ്ഞത്തും ക്രൂ ചെയ്ഞ്ച് തുടങ്ങി. 5448 പേരാണ് ഒരു വർഷംകൊണ്ട് വിഴിഞ്ഞത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ഇതിൽ 90പേർ വിദേശികളാണ്. കപ്പൽ ജീവനക്കാരായ മലയാളികൾക്കും മറ്റ് ദക്ഷിണേന്ത്യക്കാർക്കും മാസങ്ങൾ നീണ്ട ജോലിക്ക് ശേഷം വീട്ടിലേക്ക് പോകാൻ നാട്ടിൽത്തന്നെ ഇറങ്ങാമെന്നായി. സംസ്ഥാന മാരിടൈം ബോർഡ് കപ്പൽ കമ്പനികളിൽ നിന്ന് ഫീസിനത്തിൽ 4 കോടി രൂപയിലധികം ഈ കാലയളവിൽ നേടി. ഓയിൽ, പാചക വാതകം, മറ്റ് ചരക്കുകൾ എന്നിവയൊക്കെയുമായാണ് വിഴിഞ്ഞത്ത് കപ്പലുകളെത്തിയത്.

തടസം ടഗ് ഇല്ലാതിരുന്നത്

ടഗ് ഇല്ലാത്തതായിരുന്നു ക്രൂചെയ്ഞ്ചിന്റെ ആദ്യ തടസം. ഫിഷിംഗ് ബോട്ടായിരുന്നു ടഗിന് പകരം ഉപയോഗിച്ചത്. പിന്നെ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ട് ഉപേയാഗിച്ചു. പിന്നീട് ടഗ് വാടകയ്ക്കെടുത്തു. ഇപ്പോൾ മലബാർ, ചാലിയാർ, ധ്വനി എന്നീ മൂന്ന് ടഗുകളുണ്ടെങ്കിലും ഒന്നുമാത്രമാണ് പ്രവർത്തനക്ഷമം.

സീമർമാർക്ക് പരാതി

ഇപ്പോൾ എട്ട് ഷിപ്പിംഗ് കമ്പനികളാണ് ക്രൂചെയ്ഞ്ചിംഗ് ഏജന്റുമാരായി ഉള്ളത്. മൂന്ന് ടഗുകളിൽ ഇപ്പോൾ ധ്വനി മാത്രമാണ് നിലവിലുള്ളത്. മറ്റ് രണ്ടു ടഗുകളെക്കൂടി പ്രവർത്തനക്ഷമമാക്കണമെന്നാണ് അവരുടെ ആവശ്യം. ക്രൂചെയ്‌ഞ്ചിംഗ് പാതയിൽ മത്സ്യബന്ധനം നടത്തുന്നതും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ടഗ് മൂലം വല പൊട്ടിയെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെടുന്ന സന്ദർഭവുമുണ്ടായി.

വികസനക്കുതിപ്പിലേക്ക്

വിദേശ ഷിപ്പുകൾ വരുമ്പോൾ ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ ഐ.എസ്.പി.എസ് സെക്യൂരിറ്റി കോ‌ഡ് ലഭിച്ചാൽ ഷിപ്പിംഗ് മെയിന്റനൻസ്, കപ്പലുകൾക്കു ബാർജ് വഴി ശുദ്ധജലമെത്തിക്കൽ, ഓയിൽ ബങ്കർ കൊണ്ടുവന്ന് വിതരണം ചെയ്യുക തുടങ്ങിയ കൂടുതൽ കാര്യങ്ങൾ ചെയ്യാം.


ക്യാപ്റ്റൻ ഹരി.എ. വാര്യർ

( റീജിയണൽ പോർട്ട് ഓഫീസർ)

15ന് 11ന് വിഴിഞ്ഞത്ത് നടക്കുന്ന ചടങ്ങിൽ

മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കും