വെള്ളറട: തമിഴ്നാട്ടിലെ ആദിവാസി മേഖലയിലേക്ക് സി.പി.എമ്മിന്റെ സ്നേഹ സമ്മാനം. അതിർത്തി ക്കപ്പുറത്തെ ആദിവാസി മേഖലയിലേക്ക് സ്നേഹ സമ്മാനമായി ഭക്ഷ്യധാന്യക്കിറ്റുകളുടെ ആദ്യത്തെ ലോഡെത്തി. കൊവിഡും ലോക് ഡൗണും ആദിവാസി മേഖലയെയും സാരമായി ബാധിച്ചിരുന്നു. കേരളത്തോട് ചേർന്നു കിടക്കുന്ന അതിർത്തി വന പ്രദേശമായതിനാൽ തമിഴ്നാടിന്റെ പൂർണ ശ്രദ്ധയും ഇവർക്കു ലഭിക്കുന്നില്ല. ഇതു മനസ്സിലാക്കിയാണ് സി.പി.എം ഭക്ഷ്യ കിറ്റുകൾ എത്തിക്കാൻ തീരുമാനിച്ചത്. പത്തു കാണിമേഖലയിലെ നൂറോളം വീടുകളിലാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ചതാണ് ഇവ. വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി, അമ്പൂരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടപ്പന മൂട് ബാദുഷ തുടങ്ങിയവർ കിറ്റു വിതരണത്തിന് നേതൃത്വം നൽകി.