നെടുമങ്ങാട്:ഈ ആൽമരം ഒരു അടയാളമാണ്.സ്ഥല പരിചയമില്ലാത്തവർക്ക് കൊല്ലങ്കാവിന്റെ അടയാളം.ഇപ്പോൾ ഈ അരയാൽ മുറിച്ചു മാറ്റാനുള്ള നീക്കം നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.അപകടകരമായ മരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്തു മുറിച്ചു മാറ്റണമെന്ന സർക്കാർ ഉത്തരവ് മറയാക്കി നടപടികൾ ഊർജ്ജിതമാണെന്ന് സ്ഥലവാസികൾ പറയുന്നു.മഴയത്തും കാറ്റത്തും കടപുഴകുമെന്ന തെറ്റിദ്ധാരണ പരത്തുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.അടുത്തിടെ, പഴകുറ്റി ജംഗ്‌ഷനിലെ അരയാൽ ഒറ്റരാത്രി കൊണ്ട് മുറിച്ചു നീക്കിയിരുന്നു.അതിന്റെ ഗതി ഈ തണൽ മരത്തിനും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്.തദ്ദേശ ജനപ്രതിനിധികൾ ഇതിനോട് പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ, അരയാൽ സംരക്ഷണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും അറിയിച്ചു.