തിരുവനന്തപുരം: നഗരസഭയിലെ പട്ടിക ജാതി വികസന ഫണ്ട് തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി രാഹുലിനെ പ്രത്യേക വിജിലൻസ് കോടതി 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പിന് ഉപയോഗിച്ച ഫോണും ലാപ്ടോപ്പും കണ്ടെത്താൻ പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് സംഘം കോടതിയിൽ ആവശ്യപ്പെട്ടതെങ്കിലും 11 ദിവസത്തേക്ക് ജഡ്‌ജി എം.ബി. സ്നേഹലത കസ്റ്റഡിയിൽ വിടുകയായിരുന്നു.
തെളിവ് നശിപ്പിക്കാനായി പ്രതി ഫോണും ലാപ്ടോപ്പും ഡൽഹിയിൽ വിറ്റിരുന്നു.
76 ലക്ഷം തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള പഠന മുറികൾക്ക് ആവശ്യമായ പണവും നിർദ്ധനരായ പട്ടിക ജാതി യുവതികളുടെ വിവാഹ ധനസഹായവുമാണ് പ്രതിയടക്കം 10 പേർ ചേർന്ന് തട്ടിയെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ്. ചെറുന്നിയൂർ ഹാജരായി.