വെഞ്ഞാറമൂട്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നേരെ അക്രമണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സി.പി.എം നെല്ലനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുജിത് മോഹന് നേരെയാണ് അക്രമണമുണ്ടായത്. മുരൂർകോണം സ്വദേശി ബിജുവാണ്(കൈത ബിജു) അറസ്റ്റിലായി.

ഞായറാഴ്ച രാത്രി 7ന് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ മുക്കുന്നൂരിൽ വച്ചായിരുന്നു സംഭവം. സി.പി.എം വെഞ്ഞാറമൂട് ഏരിയാകമ്മിറ്റി ഓഫീസിൽ നടന്ന പാർട്ടി കമ്മിറ്റിയിൽ പങ്കെടുത്ത് ബ്രാഞ്ച് സെക്രട്ടറിയുമൊന്നിച്ച് ബൈക്കിൽ പോകവെ മറ്റൊരു ബൈക്കിലെത്തിയ ബിജുവും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സുജിത് മോഹൻ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പ്രതിയെ പൊലീസ് തിങ്കളാഴ്ച രാവിലെ മുരൂർക്കോണത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുരൂർക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും നിരവധി, അബ്കാരി, ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ബിജുവിന്റെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതാണ് അക്രമണകാരണമെന്ന് സുജിത് മോഹൻ പറയുന്നു. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.