തിരുവനന്തപുരം: പട്ടികജാതി ഫണ്ട്‌ തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണസംഘം ഡൽഹിയിലേക്ക്‌ പോകും. രാഹുലിന്റെ ലാപ്‌ടോപ്, ഐഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ്‌ നടത്താനുമാണിത്‌. ഇന്നോ നാളെയോ മ്യൂസിയം പൊലീസിലെ നാലുപേർ യാത്ര തിരിക്കുമെന്നാണ്‌ വിവരം.

തട്ടിപ്പ്‌ പിടിച്ചതോടെ രാഹുലും ഭാര്യയും ഡൽഹിയിലേക്ക്‌ കടക്കുകയായിരുന്നു. ലാപ്‌ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ്‌ നിഗമനം. ഫോൺ കണ്ടെത്തിയാൽ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഒളിവിൽ തുടരാൻ പണം കണ്ടെത്താനാണ്‌ ഇവ വിറ്റതെന്നാണ്‌ മൊഴി. ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല,​ ഇവ നശിപ്പിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നും കരുതുന്നു. കുളു,മണാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രാഹുലും ഭാര്യയും ഒളിവിൽ കഴിഞ്ഞിരുന്നു.

കേസിലെ മറ്റൊരു പ്രതിയാണ്‌ ആവശ്യമായ സൗകര്യമൊരുക്കി നൽകിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. ബിസിനസ്‌ ആവശ്യത്തിനാണ്‌ ഇയാൾ ഡൽഹിയിലെത്തിയത്‌. ഡൽഹിയിലെ തെളിവെടുപ്പിനുശേഷം രാഹുലിനെയും മറ്റു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. 75 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പൊലീസ്‌ അന്വേഷണത്തിലും 95 ലക്ഷം നഷ്ടമായതായി പട്ടികജാതി വകുപ്പിന്റെ ഓഡിറ്റിലും കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ ഓഡിറ്റ്‌ പുരോഗമിക്കുകയാണ്‌.