മലയിൻകീഴ്: പാമാംകോടിന് സമീപത്തെ സൂരജ് വിഷൻ ഡിജിറ്റൽ സ്റ്റുഡിയോയിൽ നിന്ന് ക്യാമറയും പണവും കവർന്നതായി സ്റ്റുഡിയോ ഉടമ ഗിരീഷ് പൊലീസിൽ പരാതി നൽകി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റുഡിയോ അടച്ചുപോയശേഷം തിങ്കളാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 75,000 രൂപ വിലവരുന്ന കാമറയും 1000 രൂപയുമാണ് കവർന്നത്. സ്റ്റുഡിയോയുടെ മുന്നിലെ തകരവാതിലിന്റെ ഓടമ്പൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മലയിൻകീഴ് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ സൈജു.എ.എൽ അറിയിച്ചു.