കഴിഞ്ഞ ദിവസം ജന്മദിനമാഘോഷിച്ച പ്രണവ് മോഹൻലാലിന് ജന്മദിന സമ്മാനമായി ഹൃദയത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസൻ. പ്രിയപ്പെട്ട അപ്പുവിനെക്കുറിച്ച് ഒരുപാട് പറയാനുണ്ടെന്നും എന്നാൽ ഹൃദയം റിലീസ് ചെയ്ത് പ്രേക്ഷകർ കാണുന്നത് വരെ കാത്തിരിക്കുകയാണെന്നും പോസ്റ്റർ പങ്കുവച്ച് വിനീത്ശ്രീനിവാസൻ കുറിച്ചു.
ഒരു കണ്ണടച്ച് സ്റ്റിൽ കാമറ ക്ളിക്ക് ചെയ്യുന്ന പ്രണവിന്റെ ചിത്രമാണ് പോസ്റ്ററിൽ. പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ മെഗാഹിറ്റായ ചിത്രത്തിലെ സമാന രീതിയിലുള്ള മോഹൻലാലിന്റെ ഫോട്ടോയുമായി ചേർത്തുവച്ച് ഈ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ.
മെരിലാൻഡിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. അജു വർഗീസാണ് മറ്റൊരു പ്രധാന താരം. ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.