പാലോട്: പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ഉറപ്പിനെ തുടർന്ന് കടകൾ തുറന്ന വ്യാപാരികൾക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തു. നിലവിൽ ലോക്ക് ഡൗൺ നിലനിൽക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല. ഇവിടെ കടകൾ തുറക്കാൻ വെള്ളിയാഴ്ച മാത്രമേ അനുമതിയുള്ളൂ. എന്നാൽ പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് വ്യാപാരികളോട് കട തുറക്കാനും പൊലീസെത്തിയാൽ തങ്ങൾ എത്താമെന്ന് ഉറപ്പ് നൽകി.

ഇത് വിശ്വസിച്ച് കട തുറന്നവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങൾക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. കൂടെ നിൽക്കാമെന്ന് ഉറപ്പ് നൽകിയവർ എത്തിയതുമില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്തായ പെരിങ്ങമ്മലയിൽ കൊവിഡ് നിയന്ത്രണവിധേയമാണെങ്കിലും യഥാസമയം വിവരങ്ങൾ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ വീഴ്ച വരുത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ഇപ്പോഴും സി. കാറ്റഗറിയിൽ തുടരുന്നത്.

പഞ്ചായത്തും പെരിങ്ങമ്മല പി.എച്ച്.സിയും പരസ്പരം പഴിചാരുന്നതിനിടയിൽ തകർന്നത് വ്യാപാര മേഖലയാണ്. സമീപ പഞ്ചായത്തായ നന്ദിയോട് എ കാറ്റഗറി ആയതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. പാലോട് കുശവൂർ ജംഗ്ഷനിൽ റോഡിന്റെ വലതു ഭാഗം നന്ദിയോട് പഞ്ചായത്തും ഇടതു ഭാഗം പെരിങ്ങമ്മല പഞ്ചായത്തുമാണ്. ഇതിൽ ഒരു ഭാഗത്തെ നന്ദിയോട് പഞ്ചായത്തിലെ കടകൾ തുറക്കുമ്പോൾ റോഡിന്റെ മറുഭാഗത്തെ കടകൾ അടയ്ക്കാൻ നിർബന്ധിതരാവുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ കാറ്റഗറി തീരുമാനിച്ച നാളു മുതൽ പഞ്ചായത്ത് സി. കാറ്റഗറിയിലാണ്. കഴിഞ്ഞയാഴ്ച ആയിരത്തോളം ടെസ്റ്റ് നടത്തിയെങ്കിലും സൈറ്റിൽ അപ്ലോഡ് ചെയ്തത് അഞ്ഞൂറിൽ താഴെ മാത്രമെന്നാണ് ആക്ഷേപം.