തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് വനിതാ കമ്മിഷൻ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു.
1961ലെ സ്ത്രീധന നിരോധന ആക്ട് പ്രകാരം വിവാഹ സമയത്ത് പണത്തിന്റെയോ ആഭരണങ്ങളുടെയോ വസ്ത്രങ്ങളുടെയോ രൂപത്തിൽ നൽകുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നില്ല.സമ്മാനമെന്ന വ്യാജേന സ്ത്രീധന കൈമാറ്റം നടക്കുന്നതിനാൽ സ്ത്രീധന നിരോധന ആക്ട്പ്രകാരമുള്ള കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നുമില്ല.
സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതരം പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് സ്വർണാഭരണങ്ങൾ, സ്വർണക്കടകൾ എന്നിവയുടെ പരസ്യങ്ങൾ വ്യാപകമാണ്. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ കൃത്യമായി സ്വീകരിക്കുന്നുമില്ല.
വനിതാ കമ്മിഷന്റെ പ്രധാന നിർദ്ദേശങ്ങൾ
# വിവാഹ സമയത്ത് ലഭിക്കുന്ന സമ്മാനങ്ങളുടെ പട്ടിക തയ്യാറാക്കി നോട്ടറി മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം.
# ഇത് സംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കൾ സ്ത്രീധന നിരോധന ഓഫീസർക്ക് കൈമാറണമെന്നുള്ള ഭേദഗതി 1985 ലെ സ്ത്രീധന നിരോധന ചട്ടത്തിൽ ഉൾപ്പെടുത്തണം.
# വകുപ്പ് 8 ബി പ്രകാരം സ്ത്രീധന നിരോധന ഓഫീസർമാർ, ഉപദേശക സമിതി എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.