lexicon

ചെരുപ്പിന് അനുസരിച്ച് കാലു മുറിക്കുകയെന്ന പഴഞ്ചൊല്ലിന്റെ ദൃശ്യാവിഷ്‌കാരമാണ് ഇപ്പോൾ കേരള സർവകലാശാലയിൽ നടന്നുകൊണ്ടിരിക്കുന്നത്. പണ്ഡിതരായ മലയാളം പ്രൊഫസർമാരെ നിയമിച്ചിരുന്ന മലയാളം മഹാനിഘണ്ടു എഡിറ്റർ കസേരയിൽ "വേണ്ടപ്പെട്ട" സംസ്കൃതം അദ്ധ്യാപികയെ നിയമിക്കാൻ സർവകലാശാല കാട്ടിയ വക്രബുദ്ധി കണ്ടാൽ ആരും മൂക്കത്തു വിരൽ വച്ചുപോവും. മുഖ്യമന്ത്റിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനന്റെ ഭാര്യ ഡോ.പൂർണിമ മോഹനെ മഹാനിഘണ്ടു എഡിറ്ററാക്കാനാണ് ഇല്ലാത്ത അധികാരമുപയോഗിച്ച് സർവകലാശാല കള്ളക്കളി നടത്തിയത്. ചാൻസലറായ ഗവർണർക്ക് മാത്രം അധികാരമുള്ള ഓർഡിനൻസ് (സ്പെഷ്യൽറൂൾ) അതീവരഹസ്യമായി ഭേദഗതി ചെയ്തത് കൈയോടെ പിടികൂടിയപ്പോൾ വീണിടത്തു കിടന്ന് ഉരുളുകയാണ് സർവകലാശാലാ അധികൃതർ.

മലയാളത്തിൽ ഒന്നാം ക്ലാസോടെയോ രണ്ടാം ക്ലാസോടെയോ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും ലെക്സിക്കൺ ജോലിയിലും ഗവേഷണ മേൽനോട്ടത്തിലും 15വർഷത്തെ പരിചയവും യോഗ്യത വേണ്ട എഡിറ്റർ പണിക്ക് സർവകലാശാല പ്രത്യേകമായി യോഗ്യത നിശ്ചയിച്ചു. വൈസ് ചാൻസലർ അദ്ധ്യക്ഷനായും പുറമെ നിന്നുള്ള വിദഗ്ദ്ധർ അംഗങ്ങളുമായുള്ള സെലക്ഷൻ കമ്മിറ്റി യോഗ്യതകൾ തിരുത്തി. നിയമിക്കേണ്ട പൂർണിമയ്ക്ക് മലയാളത്തിൽ പി.ജി ഇല്ലാത്തതിനാൽ മലയാളത്തിൽ ബിരുദാനന്തരബിരുദ യോഗ്യത ഒഴിവാക്കി പകരം മലയാളത്തിലോ സംസ്കൃതത്തിലോ ഗവേഷണബിരുദം മതിയെന്നാക്കി മാറ്റി. മലയാളത്തിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഇല്ലാത്തയാൾ മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററാവുന്നതെങ്ങനെയെന്ന ചോദ്യമുയർന്നപ്പോൾ, യോഗ്യത കുറയ്ക്കുകയല്ല പകരം സംസ്കൃതം പിഎച്ച്.ഡി കൂട്ടിച്ചേർത്ത് അധികയോഗ്യത നിശ്ചയിക്കുകയാണ് ചെയ്തതെന്ന വിചിത്രവാദവുമായി സർവകലാശാല രംഗത്തെത്തി. മലയാളത്തിലെ സമാനപദങ്ങളേറെയുള്ല തമിഴ് അധികയോഗ്യത ആക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.

പൂർണിമയെ എഡിറ്ററാക്കുകയെന്ന തീരുമാനമെടുത്താണ് ഓരോ ചുവടും സർവകലാശാല മുന്നോട്ടുവച്ചത്. യോഗ്യത തിരുത്തുകയായിരുന്നു ആദ്യചുവട്. ഓർഡിനൻസിലെ യോഗ്യത തിരുത്താൻ വൈസ് ചാൻസലർക്ക് അധികാരമില്ല. സിൻഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ ശുപാർശയോടെയും സർക്കാരിന്റെ അഭിപ്രായം തേടിയും ചാൻസലറായ ഗവർണറാണ് ഓർഡിനൻസ് ഭേദഗതി ചെയ്യേണ്ടത്. ചാൻസലറുടെ അധികാരം കവർന്നെടുത്താണ്, പൂർണിമയ്ക്കായി സർവകലാശാല യോഗ്യത തിരുത്തിയത്. പുതിയ യോഗ്യത പ്രകാരം മഹാനിഘണ്ടു എഡിറ്ററെ നിയമിക്കാനുള്ള വിജ്ഞാപനം പത്രങ്ങളിലോ സർവകലാശാലാ വകുപ്പുകളിലോ പ്രസിദ്ധീകരിച്ചില്ല. ഇക്കാര്യമറിയിച്ച് സർവകലാശാല ഒരു വാർത്താക്കുറിപ്പ് പോലുമിറക്കിയില്ല. പകരം അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റിൽ നൽകി. കൊവിഡിന്റെ അതിതീവ്ര വ്യാപനവും ലോക്ക്ഡൗണും നിലനിൽക്കുന്ന സമയത്തായിരുന്നു ഇത്. സ്വാഭാവികമായും വെബ്സൈറ്റിലെ ഒരുവരി വിജ്ഞാപനം ആരും കണ്ടില്ല. പ്രതീക്ഷിച്ചതു പോലെ പൂർണിമ മാത്രമാണ് അപേക്ഷിച്ചത്. യോഗ്യത മാത്രമല്ല, മറ്റൊരു തിരുത്തും വരുത്തി. എഡിറ്ററാകാൻ മൂന്നുവർഷം സർവീസ് ബാക്കിയുണ്ടാവണമെന്ന ദുരൂഹ വ്യവസ്ഥ കൊണ്ടുവന്നു. വെബ്സൈറ്റിലെ വിജ്ഞാപനം കണ്ട് കേരളയിലെ പ്രൊഫസർമാർ ആരെങ്കിലും അപേക്ഷിച്ചാൽ അവരെ ഒഴിവാക്കാനുള്ള സൂത്രപ്പണിയായിരുന്നു ഇത്.

പൂർണിമയ്ക്ക് നാലുവ‌ർഷം സേവനം ബാക്കിയുണ്ട്.

ഇന്റർവ്യൂ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി രഹസ്യമായി പൂർണിമയെ നിയമിച്ചു. നിയമനക്കാര്യം എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന പ്രൊഫസറെപ്പോലും അറിയിച്ചില്ല. പതിവുപോലെ അവർ ഓഫീസിലെത്തിയപ്പോൾ തന്റെ കസേരയിൽ പുതിയ എഡിറ്റർ ഇരിക്കുന്നു...! ഭാഷാപദങ്ങളുടെ നിരുക്തിയും ധാതുവും കണ്ടുപിടിക്കുന്നതിന് സംസ്‌കൃതത്തിലെ അഗാധമായ അറിവുകൂടി പ്രയോജനം ചെയ്യുമെന്നതിനാലാണ് സംസ്‌കൃതം യോഗ്യത കൂട്ടിച്ചേർത്തതെന്നും പൂർണിമയ്ക്ക് സംസ്‌കൃതത്തിൽ ഡോക്ടറേ​റ്റും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പാണ്ഡിത്യവും ജർമ്മൻ ഭാഷയിൽ പരിജ്ഞാനവുമുണ്ടെന്നുമാണ് സർവകലാശാല പറയുന്നത്. മഹാനിഘണ്ടു എഡിറ്ററായി ചുമതലയേറ്റപ്പോൾ പൂർണിമയെ ഘൊരാവോ ചെയ്ത കെ.എസ്.യുക്കാരുടെ ഏക ആവശ്യം തങ്ങൾ ആവശ്യപ്പെടുന്ന ഏതാനും മലയാളം വാക്കുകൾ എഴുതിത്തരണമെന്നായിരുന്നു. അങ്ങനെ ചെയ്താൽ മാപ്പുപറഞ്ഞ് പിൻവാങ്ങാമെന്ന് വിദ്യാർത്ഥികൾ അറിയിച്ചെങ്കിലും തനിക്ക് മലയാളം അറിയാമോ എന്ന് പിള്ളേരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നു പൂർണിമയുടെ നിലപാട്. താൻ 25വർഷം കേരളത്തിൽ മലയാളത്തിലാണ് പഠിപ്പിച്ചത്. മലയാളത്തിലേക്ക് പുസ്തകം തർജ്ജമ ചെയ്തിട്ടുണ്ട്. മലയാളം പ്രൊഫസർമാരടങ്ങിയ ഇന്റർവ്യൂ ബോർഡാണ് തന്നെ തിരഞ്ഞെടുത്തത്. ഇവിടെത്തന്നെ തുടരും- ഇതായിരുന്നു പൂർണിമയുടെ വാക്കുകൾ. നിയമനം ഡെപ്യൂട്ടേഷൻ രീതിയിലാണെന്ന സർവകലാശാലയുടെ വാദം അംഗീകരിച്ചാൽപോലും, ഓർഡിനൻസിലെ യോഗ്യതകൾ തിരുത്താൻ എന്ത് അധികാരമെന്നും യോഗ്യതയില്ലാത്തവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കാനാവുമോ എന്നുമുള്ള ചോദ്യങ്ങൾ ബാക്കിയാവുന്നു.

ഇത് ജലീൽ സ്റ്റൈൽ

മലയാളം പി.ജിയില്ലാത്തയാളെ മലയാളം മഹാനിഘണ്ടു എഡിറ്ററാക്കാൻ അധികയോഗ്യതയെന്ന രീതിയിൽ സംസ്കൃതം പിഎച്ച്.ഡി ഉൾപ്പെടുത്തിയ കേരളയുടെ നടപടി മുൻമന്ത്രി കെ.ടി.ജലീലിന്റെ പൊളിഞ്ഞുപോയ ബന്ധുനിയമനത്തിന് സമാനമാണ്. മന്ത്രിയായിരിക്കെ ജലീൽ തന്റെ ബന്ധു കെ.ടി.അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ച കേസ് പരിഗണിച്ച ലോകായുക്ത ബന്ധുനിയമനം നടത്തിയതിന് മന്ത്രിസ്ഥാനത്തു നിന്ന് ജലീലിനെ പുറത്താക്കാൻ ഉത്തരവിട്ടിരുന്നു. കോർപ്പറേഷന്റെ ആവശ്യമോ ശുപാർശയോ ഇല്ലാതെയാണ് ജലീൽ അധികയോഗ്യത നിർദ്ദേശിച്ചത്. ബി.ടെക് ആയിരുന്നു യോഗ്യത. ഇതിനൊപ്പം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ ബാങ്കിംഗ് അഡ്മിനിസ്ട്രേഷൻ ജലീൽ കൂട്ടിച്ചേർത്തു. അദീബിന് ഈ ഡിപ്ലോമ ഉണ്ടായിരുന്നതിനാൽ മറ്റ് അപേക്ഷകരെ ഒഴിവാക്കാനുള്ള സൂത്രപ്പണിയായിരുന്നു ഇത്. ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളുകയായിരുന്നു. സമാനമായ സൂത്രവിദ്യയാണ് കേരളയിലും നടന്നത്. പൂർണിമയുടെ യോഗ്യതയ്ക്കനുസരിച്ച് അധികാരമില്ലാതിരുന്നിട്ടും ഓർഡിനൻസ് തിരുത്തുകയും മറ്റുള്ളവരെ ഒഴിവാക്കാൻ മൂന്നുവർഷം സർവീസ് ബാക്കിയുണ്ടാവണമെന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു.

മഹാരഥന്മാരുടെ മഹാനിഘണ്ടു

മലയാള പദങ്ങളുടെ രൂപം, അർത്ഥം, രൂപാന്തരം, ഉത്‌പത്തി, ശൈലികൾ, പഴഞ്ചൊല്ലുകൾ, ഗോത്രഭാഷയിലെ സമാനരൂപം, രൂപ-ലിപി ഭേദങ്ങൾ, അർത്ഥ- വ്യാകരണ വിവരണം എന്നിവ കണ്ടെത്താനുള്ള ബൃഹദ്പദ്ധതിയാണ് മഹാനിഘണ്ടു. ഇല്ലാതായിപ്പോയ പദങ്ങൾ അടക്കം

കോടിക്കണക്കിന് മലയാള പദങ്ങളുടെ ഗവേഷണം നടത്തണം. 1953 ജൂലായ് ഒന്നിന് ആരംഭിച്ച മഹാനിഘണ്ടുവിന്റെ ഒമ്പത് വാല്യങ്ങളേ ഇതുവരെ പ്രസിദ്ധീകരിക്കാനായുള്ളൂ. ഒരു വാല്യത്തിൽ ഒരുകോടിയിലേറെ പദങ്ങളുണ്ടാവും. കേരളപ്പിറവിക്ക് മുൻപ് തിരു-കൊച്ചി ഭരണാധികാരി, സെക്രട്ടറിയേറ്രിലെ ഉദ്യോഗസ്ഥനായിരുന്ന പ്രൊഫ.ശൂരനാട് കുഞ്ഞൻപിള്ളയെയാണ് ആദ്യ എഡിറ്ററാക്കിയത്. കെ.വി.നന്പൂതിരിപ്പാട്, ഡോ.ബി.സി ബാലകൃഷ്‌ണൻ, ഡോ.പി.സോമശേഖരൻ നായർ, ഡോ.പി.വേണുഗോപാലൻ എന്നിവരൊക്കെ എഡിറ്റർമാരായി. 25വർഷം കൊണ്ട് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം, 68വർഷമായിട്ടും 'പ' അക്ഷരം വരെയുള്ള പദങ്ങളേ ഉൾപ്പെടുത്താനായുള്ളൂ. മഹാനിഘണ്ടുവിനായി ഇതുവരെ അഞ്ചുകോടിയിലേറെ രൂപയാണ് ചെലവിട്ടത്. ജപ്പാൻ, ബ്രിട്ടൺ ,ചൈന എന്നിവിടങ്ങളിൽ നിന്നു പോലും പണ്ഡിതർ മലയാളം മഹാനിഘണ്ടുവിന്റെ ഗവേഷണം മനസിലാക്കാൻ എത്തിയിരുന്നു.