s

തിരുവനന്തപുരം: ഭരണത്തിന്റെ തണലിൽ ഡി.വൈ.എഫ്‌.ഐ നേതാക്കൾ നടത്തിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോർപ്പറേഷന് മുന്നിൽ ധർണ നടത്തി. കൗൺസിൽ യോഗം നടക്കുന്ന സമയത്തായിരുന്നു പ്രതിഷേധം.

ധർണ കൗൺസിലർ തിരുമല അനിൽ ഉദ്ഘാടനം ചെയ്‌തു. 2015-20 കാലയളവിൽ കോർപ്പറേഷനിൽ പാവപ്പെട്ട പട്ടികജാതിക്കാരുടെ വീടുകളിൽ എത്തേണ്ട പണം തട്ടിയെടുത്തെന്ന് അനിൽ ആരോപിച്ചു. പട്ടികജാതിക്കാരുടെ വിവാഹ ധനസഹായത്തിനും വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടാണ് തട്ടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കൊതുകുനിവാരണത്തിൽ കോർപ്പറേഷൻ ഒന്നാം സ്ഥാനത്തെത്തിയെന്ന് കൊട്ടിഘോഷിച്ചതിന്റെ അടുത്ത ദിവസമാണ് നഗരസഭാ പരിധിയിൽ കേരളത്തിൽ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. മാലിന്യ സംസ്‌കരണത്തിലും കൊതുകു നിവാരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും നഗരസഭ സമ്പൂർണ പരാജയമാണെന്ന് യുമോർച്ച നേതാക്കൾ ആരോപിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, പൂജപ്പുര ശ്രീജിത്ത്, അഭിജിത്, അനൂപ്, ശ്രീജിത്ത്, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, ആശാനാഥ്, ചുണ്ടിക്കൽ ഹരി, മാണിനാട് സജി, അനന്ദു വിജയ്, വിപിൻകുമാർ, നന്ദ ഭാർഗവൻ തുടങ്ങിയവർ നേതൃത്വം നൽകി.