കല്ലമ്പലം: ഒരു വർഷം മുമ്പ് ആരംഭിച്ച 400 മീറ്റർ റോഡ്‌ നവീകരണം ഇനിയും പൂർത്തിയായില്ല. മടവൂർ ഗ്രാമപഞ്ചായത്തിലെ മുട്ടയം നിവാസികൾ ഗതാഗത സൗകര്യം ഇല്ലാതെ ദുരിതത്തിൽ. മടവൂർ പഞ്ചായത്തിലെ പത്താം വാർഡിലുൾപ്പെട്ട സീമന്തപുരം വൈ.എം.എ മുട്ടയം റോഡിന്റെ നവീകരണം കൊവിഡ് ആദ്യഘട്ടത്തിലെ ലോക്ക് ഡൗണിന് 2 ദിവസം മുൻപ് നിറുത്തി വച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു ദിവസം കരാറുകാരൻ എത്തി റോഡിന്റെ മണ്ണ്‍ ഇളക്കി ഇട്ടു. പിന്നീട് പണികളൊന്നും നടന്നില്ല. 2019 - 20 വർഷത്തിൽ വി. ജോയി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 23.54 ലക്ഷം രൂപയാണ് റോഡ്‌ നവീകരണത്തിന് അനുവദിച്ചത്. 400 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ്, 60 മീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുഭാഗത്തും കരിങ്കല്ല് കൊണ്ടുള്ള പാർശ്വഭിത്തി, കലുങ്ക് നിർമ്മിക്കുന്നതിനായിരുന്നു കരാർ. റോഡ്‌ കോൺക്രീറ്റ് ഇനിയും ചെയ്തിട്ടില്ല. റോഡ്‌ നവീകരണം അനന്തമായി നീളുന്നത് കാരണം 200 ഓളം കുടുംബങ്ങളാണ് ഗതാഗത സൗകര്യം ഇല്ലാതെ ദുരിതത്തിലായത്.