ambu

വെഞ്ഞാറമൂട്: രോഗിയുമായ വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. കാർ യാത്രികരും കിളിമാനൂർ ചുട്ടയിൽ സ്വദേശികളുമായ പ്രശാന്ത് (32), പ്രസന്നകുമാർ (70), പത്മകുമാരി അമ്മ (60), ആംബുലൻസ് യാത്രികരും ആനാകുടി ഈട്ടിമുട് സ്വദേശി കനകലോചന (61), മകൻ ഷിബു (38), മകൾ ഷീജ (42), ബന്ധുവായ ബിനു (42) എന്നിവർക്കാണ് പരിക്കേറ്റത്.

സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് ആലന്തറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. കടയ്ക്കലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രോഗിയായ കനകലോചനയുമായി വരികയായിരുന്ന ആംബുലൻസ് ആലന്തറ പെട്രോൾ പമ്പിൽനിന്ന് അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങിയ കാറിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ലോക്കായതിനാൽ ഡോറുകൾ തുറക്കാൻ കഴിയാതെ വന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി ലോക്ക് പൊളിച്ച് ആംബുലൻസിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.