road

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതി- രാമേശ്വരം- അമരവിള റോഡിന്റെ റീടാറിംഗ് അനന്തമായി നീളുന്നു. മൂന്ന് മാസം മുമ്പാണ് 2.5 കി.മീ ദൂരത്തിൽ 2.5 കോടി രൂപ ചെലവാക്കി റോഡിന്റെ നവീകരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ റോഡിന്റെ അരികിലുളള ഓട നിർമ്മിക്കുന്നതിനായിരുന്നു കാലതാമസം നേരിട്ടത്. എന്നാൽ ആഴ്ചകൾക്ക് മുമ്പ് ഓടകളുടെ നിർമ്മാണമെല്ലാം പൂർത്തിയായി. അതിന് ശേഷം എക്സൈസ് ഓഫീസ് നട മുതൽ കീഴെത്തെരുവ് മുത്താരമ്മൻകോവിൽ നടവരെ ആദ്യഘട്ട റെഡ്മിക്സ് പാകൽ നടത്തി. എന്നാൽ അടുത്ത ഘട്ടത്തിലുളള ടാറിംഗ് ജോലികൾ ആരംഭിക്കാത്തതിനാൽ മെറ്റലെല്ലാം ഇളകി. ഇത് കാൽനട,​വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വലിയ വാഹനങ്ങൾ ഈ റോഡിൽ പ്രവേശിക്കരുതെന്ന ലോകായുക്തയുടെ വിധിയുണ്ടായിട്ടും അതെല്ലാം കാറ്റിൽ പറത്തിയായിരുന്നു റോഡിലൂടെയുളള വാഹനയാത്ര. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ റോഡ് റീടാർ ചെയ്യാൻ അനുമതിയുണ്ടായത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായതിനെ തുട‌ർന്ന് കെ. ആൻസലൻ എം.എൽ.എ മുൻകൈയെടുത്താണ് റോഡ് പണിക്കായുളള പ്രാരംഭ നടപടികൾ ആരംഭിച്ചത്. രണ്ടുപ്രാവശ്യം ടാറിംഗ് ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിട്ടുളളത്. ആദ്യഘട്ടത്തിൽ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ പൈപ്പുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലികളും ഓടകളുടെ നിർമ്മാണവുമാണ് പണി വൈകുന്നതിനിടയാക്കിയതെങ്കിലും ഇപ്പോൾ മഴയും റോഡ് പണിക്ക് തടസമായി. റീ ടാറിംഗ് അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.

 വില്ലനായി സ്ലാബുകൾ

ഓടയിൽ നിന്നും ഇളക്കിയ സ്ലാബുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടാറിംഗ് ജോലി പൂ‌‌ർത്തിയാക്കി റോഡിന്റെ ഉയരം ക്രമീകരിക്കാൻ കഴിയാത്തതിനാൽ എക്സൈസ് ഓഫീസ് നട മുതൽ കീഴെത്തെരുവ് മുത്താരമ്മൻകോവിൽ വരെയുളള ഭാഗങ്ങളിലെ താമസക്കാർക്ക് അവരുടെ വാഹനങ്ങൾ വീടിനുളളിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ലോറികളുൾപ്പടെയുളള വലിയ വാഹനങ്ങളുടെ യാത്രയാണ് റോഡ് പൊട്ടിപ്പൊളിയാനുളള കാരണം.

 2.5 കോടി ചെലവാക്കി നി‌ർമ്മാണം

റെഡ്മിക്സ് പാകൽ മാത്രം നടന്നു

മഴയെത്തിയത് റീടാറിംഗിന് തടസമായി

സ്ലാബുകൾ സ്ഥാപിച്ചിടുത്ത് പ്രതലം ഉയ‌ർത്താത്ത് വീട്ടുകാർക്ക് തടസ്സം