വെള്ളറട: മൗണ്ട് കാർമൽ ഇക്കോ ടൂറിസം കേന്ദ്രത്തിലുള്ള കർമ്മല മാതാ മലയിലെ 4-ാമത് തീർത്ഥാടനവും തിരുനാൾ ആചരണവും ഇന്ന് തുടങ്ങി 18ന് സമാപിക്കും. തീർത്ഥാടന നാളുകളിൽ രാവിലെ 7നും വൈകിട്ട് 4നും ദിവ്യബലി, മരിയൻ നൊവേന എന്നിവ നടക്കും. ഇന്ന് വൈകിട്ട് 3ന് കുരിശുമല തീർത്ഥാടന കേന്ദ്രം ഡയറക്ടർ വിൽസന്റ് കെ. പീറ്റർ തീർത്ഥാടന പതാക ഉയർത്തും.

3.30ന് നെയ്യാറ്റിൻകര രൂപത മെത്രാൻ ‌ഡോ. വിൽസന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് തീർത്ഥാടന പ്രാരംഭ ദിവ്യബലിയും ബിഷപ്പ് അർപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് 3ന് ഫാ. ഡെന്നിസ് മണ്ണൂർ മൗണ്ട് കാർമൽ ഔഷധതോട്ടവും ശനിയാഴ്ച വൈകിട്ട് 3ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ മൗണ്ട് കാർമൽ ഹെവൻലി ഫെറിറ്റേജും ഞായറാഴ്ച വൈകിട്ട് 3ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ മൗണ്ട് കാർമൽ പരിസ്ഥിതി തീർത്ഥാടന ടൂറിസവും ഉദ്ഘാടനം ചെയ്യും.