നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുഴിത്തുറ കൊട്ടാരം ഉടൻ നവീകരിക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു പറഞ്ഞു. ഇന്നലെ രാവിലെ കൊട്ടാരം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാടുപിടിച്ചുകിടക്കുന്ന കൊട്ടാരം നവീകരിക്കണമെന്ന് നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനോട് സംസാരിച്ച ശേഷം ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കും. നാട്ടുകാരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം കൊട്ടാരത്തിന് സമീപത്തുള്ള സ്‌കൂൾ നവീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ്, ദേവസ്വം കമ്മിഷണർ കുമാര കൃപൻ, വിളവങ്കോട് എം.എൽ.എ വിജയധരണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ: കുഴിത്തുറ കൊട്ടാരത്തിന് സമീപത്തുള്ള സ്‌കൂൾ
കെട്ടിടം പരിശോധിക്കുന്ന മന്ത്രി ശേഖർ ബാബു