yuva

നെയ്യാറ്റിൻകര: നഗരസഭാ പരിധിയിൽ പൊതുശ്മശാനം യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം ഇല്ലാത്തത് സംബന്ധിച്ച് 'കേരളകൗമുദി' നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് യുവമോർച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

കഴിഞ്ഞ പത്തു കൊല്ലമായി നഗരസഭയിലെ ജനങ്ങളുടെ പൊതു ആവശ്യമായ ശ്മശാനം യാഥാർത്ഥ്യമാക്കാൻ മാറിമാറി വന്ന ഒരു നഗരസഭാ ഭരണസമിതിയ്ക്കും കഴിഞ്ഞില്ല. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് മാറന്നല്ലൂർ പഞ്ചായത്തും പാറശാല പഞ്ചായത്തും ശ്മശാനത്തിനായി അനുവാദം കൊടുത്തപ്പോൾ ഇവിടുത്തെ ഭരണസമിതി അനങ്ങാപാറ നയമാണ് സ്വീകരിച്ചതെന്ന് യുവമോർച്ച ആരോപിച്ചു. യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകത്മകമായി ശവമഞ്ചം വഹിച്ചുകൊണ്ട് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എൻ.പി. ഹരി, ചന്ദ്രകിരൺ, ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്‌, ചൂണ്ടിക്കൽ ഹരി എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പോരന്നൂർ വിമൽ, ട്രഷർ നിലമേൽ മനോജ്‌, മണ്ഡലം ഭാരവാഹികളായ പൂകൈത ശിവകുമാർ, അനൂപ് മഹേശ്വർ, നിധിൻ, അഖിൽ, സുരേഷ്, ലാലു, ദിലീപ്, ലാൽകൃഷ്ണ, വട്ടവിള അരുൺ തുടങ്ങിയവർ മാർച്ചിന് നേതൃത്വം കൊടുത്തു.