ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയെങ്കിലും ഓണം വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ 55 പേരും രണ്ടാം തരംഗത്തിൽ 42 പേരുമാണ് ബാലരാമപുരത്ത് മരിച്ചത്. ടി.പി.ആർ നിരക്ക് 10.2 ശതമാനത്തിൽ താഴെ എത്തിയത് രോഗവ്യാപനം കുറയുന്നതിന്റെ സൂചന നൽകുന്നു.

നിലവിൽ ടി.പി.ആർ നിരക്ക് കൂടിയതിനാൽ സി കാറ്റഗറിയിലാണ് ബാലരാമപുരം പഞ്ചായത്തിനെ ഉൾപ്പെടുത്തിയിരുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് മാസങ്ങളായി ഏ‍ർപ്പെടുത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെ കൊവിഡ് ഡൊമിസിലറി കെയർ സെന്റെറിലെ മുപ്പത് കിടക്കളിൽ മുഴുവനും കൊവിഡ് ബാധിതർ ചികിത്സയിലായത് വലിയ തോതിൽ ആശങ്കയുണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നത് പത്തിൽ താഴെയായി. ഇന്നലെ 26 സാമ്പിളുകൾ പരിശോധിച്ചതിൽ 4 പേർക്കാണ് കൊവിഡ് ബാധിച്ചത്. ടി.പി.ആർ നിരക്ക് കുറഞ്ഞ് തുടങ്ങിയെങ്കിലും നിയന്ത്രണങ്ങൾ കർശനമായി തുടരാനാണ് ആരോഗ്യകേന്ദ്രത്തിന്റെ തീരുമാനം. ബാലരാമപുരത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ജനത്തിരക്ക് സ്ഥിതിഗതികൾ വീണ്ടും ആശങ്കയിലാക്കുകയാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനം തയ്യാറാകണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.