തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിൽ നിരവധി ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തൊഴിൽ വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകി. വേണ്ടത്ര ടോയ്ലറ്റുകളില്ലെന്നും തൊഴിലാളികൾക്ക് കുടിവെള്ളം പോലുമില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങൾ റിപ്പോർട്ടിൽ നിരത്തിയിട്ടുണ്ട്.
പരാതികളുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് നടത്തിയ നിരന്തര പരിശോധനകളാണ് കിറ്റെക്സും സർക്കാരും തമ്മിലുള്ള തർക്കത്തിന് തുടക്കമിട്ടത്.
തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നില്ല. അവധി ദിവസങ്ങളിലും ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകുന്നില്ല. അനധികൃതമായി തൊഴിലാളികളിൽ നിന്ന് പിഴ ഈടാക്കി. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നില്ല. കരാർ തൊഴിലാളികൾക്ക് ലൈസൻസ് ഇല്ല. അന്യ സംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യമില്ല. സാലറി സ്ലിപ്പ് കമ്പനി സൂക്ഷിക്കുന്നില്ല എന്നതിനു പുറമേ ശമ്പള രജിസ്റ്ററും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അപമാനിക്കാനുള്ള ശ്രമം: സാബു ജേക്കബ്
റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാണെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. ഫാക്ടറിയിലെ രേഖകൾ പരിശോധിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ടോയ്ലറ്റുകളുടെ കണക്ക് ഉദ്യോഗസ്ഥർ പറയട്ടെ. അപമാനിക്കാനുള്ള ശ്രമമാണിതെന്നും സാബു പറഞ്ഞു.