തിരുവനന്തപുരം: മിൽമയുടെ 2021-22 വർഷത്തെ പാൽ ഉത്പാദന - ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും കൊവിഡ് മരണാനന്തര ധനസഹായ വിതരണവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മിൽമയുടെ ഓട്ടോമേറ്റഡ് പനീർ നിർമ്മാണ പ്ലാന്റ് മിൽമയുടെ ഉടമസ്ഥതയിലുള്ള കണ്ടലയിലെ ഒന്നരയേക്കർ സ്ഥലത്ത് സ്ഥാപിക്കുന്നതു സംബന്ധിച്ച് സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
മിൽമ തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ നടപ്പുവർഷം 14 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ പറഞ്ഞു. കൊഞ്ചിറ ഗവ.യു.പി സ്‌കൂളിൽ നടന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിനുള്ള ഭക്ഷ്യക്കിറ്റിൽ മിൽമ ഉത്പന്നങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ എല്ലാഭാഗത്തും മിൽമ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും ജി.ആർ. അനിൽ വിശദീകരിച്ചു.