robot

ലോകത്തെ മികച്ച റോബോട്ടുകളിൽ പലതിന്റെയും ഉത്ഭവം പ്രകൃതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ്. മത്സ്യത്തിന്റെ ആകൃതിയിലുള്ള റോബോട്ടുകളും പക്ഷികളുടേത് പോലുള്ള ചിറകുകളോട് കൂടിയ ഡ്രോണുകളുമൊക്കെ ആധുനിക റോബോട്ടിക്‌സിൽ പുതുമയുടെയും പ്രകൃതിയുടെയും സമന്വയ രൂപങ്ങളാണ്. ഇപ്പോഴിതാ, ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നത് നമ്മുക്കെല്ലാം സുപരിചിതമായ പാറ്റകയോ പോലൊരു റോബോട്ടിനെയാണ്. പാറ്റയെ പോലുള്ള റോബോട്ടോ ? അതിന് എന്താണ് ചെയ്യാൻ സാധിക്കുക ? എന്നൊക്കെ ചോദ്യങ്ങൾ ഉയരാം. പക്ഷേ, ആൾ കാണുന്ന പോലൊയൊന്നുമല്ല.

ശരിക്കുമുള്ള പാറ്റയെ പോലെ തന്നെയാണ് റോബോട്ട് പാറ്റയുടെ വലിപ്പവും വേഗതയും സൂക്ഷ്മതയും. നമ്മുടെ കണ്ണ്‌വെട്ടിച്ച് എത്ര അടികിട്ടിയാലും ശരവേഗത്തിൽ ഏത് ഇടുങ്ങിയ പാതയിലൂടെയും പായാനുള്ള കഴിവാണ് പാറ്റയെ വ്യത്യസ്തമാക്കുന്നത്. അത് തന്നെയാണ് ഈ റോബോട്ടിന്റെയും പ്രത്യേകത. യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ, ബെർക്ക‌ലീയിലെ റോബോട്ടിക്സ് വിഭാഗത്തിലെ ഗവേഷകരാണ് ഈ പാറ്റ റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്.

ഒരു തപാൽ സ്റ്റാമ്പിനോളം മാത്രമേ വലിപ്പമുള്ളു റോബോട്ട് പാറ്റയ്ക്ക്. ഇതുവരെ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടാത്ത ഈ റോബോട്ട് പാറ്റയ്ക്ക് സെക്കന്റിൽ അതിന്റെ നീളത്തിന്റെ 20 മടങ്ങ് ദൂരം താണ്ടാൻ സാധിക്കും. മാത്രമല്ല, സ്വന്തം ശരീരത്തിന് താങ്ങാനാവുന്നതിൽ പത്ത് ലക്ഷം മടങ്ങ് അധികം ഭാരം അതിജീവിക്കാൻ ഈ ഇത്തിരിക്കുഞ്ഞൻ റോബോട്ടിന് കഴിയും.

ഒരു ഗ്രാമിന്റെ പത്തിൽ ഒരംശത്തിൽ താഴെ മാത്രം ഭാരമുള്ള ഈ റോബോട്ടിന് മുകളിൽ കയറി ഒരു മനുഷ്യൻ നിന്നാൽ പോലും ഒന്നും സംഭവിക്കില്ല. ഏകദേശം 60 കിലോഗ്രാം ഭാരമുള്ള ഒരാൾ കയറി നിന്നാൽ പോലും കൂടുതൽ കരുത്തോടെ തന്റെ ഓട്ടം തുടരാൻ ഈ പാറ്റ റോബോട്ടിന് കഴിയും.

സാധാരണ വലിപ്പക്കുറവുള്ള പല റോബോട്ടുകളും പലപ്പോഴും ദുർബലമായാണ് കാണപ്പെടുന്നത്. വളരെ എളുപ്പം അവയെ തകർക്കാൻ നമുക്ക് കഴിയും. എന്നാൽ ലളിതമായ രൂപകല്പനയിലൂടെ ഈ റോബോട്ടിന് ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനാകും. വളരെ നേർത്ത പോളിവിനൈലിഡീൻ ഡൈഫ്ലൂറൈഡ് എന്ന പദാർത്ഥത്തിന്റെ പാളിയാണ് ഈ റോബോട്ടിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ഇലാസ്റ്റിക് പോളിമർ ലെയറും റോബോട്ടിന്റെ നേർത്ത കാലുകളും ഡിസൈനിന്റെ പ്രത്യേകതയാണ്.

നിലവിൽ ഒരു വൈദ്യുതി ഉറവിടവുമായി ബന്ധിപ്പിച്ചാണ് റോബോട്ടിനെ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, വൈകാതെ ചെറു ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലേക്ക് ഈ റോബോട്ടിന്റെ ഡിസൈനെ മാറ്റിയെടുക്കും. ഭൂകമ്പം, വാതകച്ചോർച്ച തുടങ്ങിയ അപകടസ്ഥലങ്ങളിലേക്ക് വിവരശേഖരണം ലക്ഷ്യമിട്ടാണ് ഇത്തരം റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യന് അപകടകരവും എത്തിച്ചേരാൻ സാധിക്കാത്തതുമായ ഇടങ്ങളിലേക്ക് ഈ കുഞ്ഞൻ റോബോട്ടിന് അനായാസം കടന്നുചെല്ലാൻ സാധിക്കും.

ഒരു ഭൂചലനമുണ്ടായാൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിലേക്ക് വലിയ ഉപകരണങ്ങൾ കടത്തിവിട്ടോ അല്ലെങ്കിൽ നായകളെ കൊണ്ട് മണം പിടിപ്പിച്ചോ മനുഷ്യർ കുടുങ്ങിക്കിടക്കുന്നോ എന്ന് കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ റോബോട്ടുകളെ ഈ സന്ദർഭങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഗ്യാസ് സെൻസറുകൾ ഘടിപ്പിക്കുന്നത് വഴി വാതകചോർച്ചയുള്ള സ്ഥലങ്ങൾ കണ്ടെത്താനും ഈ റോബോട്ടുകൾക്ക് സാധിക്കും.