തിരുവനന്തപുരം: കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വരുമാനം വർദ്ധിപ്പിക്കാനും പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കും. വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിൽ, ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സ്ഥിര വരുമാനം കിട്ടുന്ന തരത്തിൽ വിവാദ രഹിതമായി ഉപയോഗിക്കുന്ന കാര്യം ആലോചിക്കും. വഴിപാട്, പ്രസാദം തുടങ്ങിയവ ഓൺലൈനിൽ ലഭ്യമാക്കാൻ എല്ലാ ദേവസ്വം ബോർഡുകൾക്കുമായി പൊതുവായ സോഫ്റ്റ്വെയർ ഒരുക്കും.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ
ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയെയും ബാധിക്കാതിരിക്കാൻ 135 കോടിയിലധികം രൂപ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്നു.
ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃകാ സ്ഥാപനങ്ങളാക്കും. ദേവസ്വം ബോർഡുകളുടെ സംയുക്ത നിയന്ത്രണത്തിൽ സംസ്ഥാന തലത്തിൽ താന്ത്രിക പഠനകേന്ദ്രം സ്ഥാപിക്കാൻ പ്രോജക്ട് തയ്യാറാക്കും. ക്ഷേത്രങ്ങളിൽ പാരമ്പര്യ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കും. ഒക്ടോബർ 15നകം ദേവസ്വം ബോർഡുകൾ പദ്ധതി നിർദ്ദേശങ്ങൾ നൽകണം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു, കൊച്ചിൻ ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ഗുരുവായൂർ മാനേജിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, കൂടൽമാണിക്യം മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് മേനോൻ, റവന്യൂ (ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, വിവിധ ദേവസ്വം കമ്മിഷണർമാരായ ബി.എസ് പ്രകാശ് (തിരുവിതാംകൂർ), എൻ.ജ്യോതി (കൊച്ചിൻ), എ.എൻ.നീലകണ്ഠൻ (മലബാർ), ദേവസ്വം അഡ്മിനിസ്ട്രേറ്റർമാരായ ടി.ബ്രീജാകുമാരി (ഗുരുവായൂർ) എ.എം.സുമ (കൂടൽമാണിക്യം) എന്നിവർ പങ്കെടുത്തു.