കാട്ടാക്കട: കൃഷിചെയ്ത നെല്ല് വില്ക്കാൻ കഴിയാതെ കർഷക കുടുംബം. പേരൂർകോണം കൊറ്റമ്പള്ളി മോഹന ഭവനത്തിൽ കെ. മോഹനകുമാർ(62) എന്ന കർഷകൻ രണ്ടായിരത്തോളം കിലോ നെല്ലാണ് ഇത്തരത്തിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. നിലവിൽ അവഗണനയുടെയും ബാധ്യതയുടെയും നടുവിലാണ് ഈ കുടുംബം.
കഴിഞ്ഞ മൂന്ന് വർഷമായി വിളവെടുത്തെങ്കിലും വിപണന സാദ്ധ്യത തെളിയാതെ ദുരിതം പേറുകയാണ് ഈ കർഷകൻ. പതിറ്റാണ്ടുകളായി നെല്ല്, വാഴ, മരിച്ചീനി കൃഷിയും പശുവളർത്തലുമായി ജീവിതം നയിക്കുന്ന കർഷകനാണ് മോഹന കുമാർ. നെല്ല് വില്പന നടത്തുന്നതിന് സഹായം അഭ്യർത്ഥിച്ച് പഞ്ചായത്തിനെയും കൃഷി ഓഫീസിനെയും ഒക്കെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ മോഹനകുമാറിന് കാർഷിക മേഖലയോടുള്ള സ്നേഹമാണ് ഇന്നും കൃഷിയുമായി മുന്നോട്ട് പോകുന്നത്. ഇപ്പോൾ കൃഷിയിറക്കിയ പാടത്ത് സെപ്തംബർ മാസത്തിൽ കൊയ്ത് നടക്കുന്നതോടെ വീണ്ടും ആയിരത്തോളം കിലോ വീടിൽ ചാക്കുകളിൽ സൂക്ഷിക്കേണ്ട സാഹചര്യമാണ്. അടുത്ത വിതയും ഞാറ് നടീലും ഒക്കെ ഇനി നടക്കണമെങ്കിൽ ഇപ്പോൾ സംഭരിച്ച നെല്ല് മുഴുവൻ കാശാക്കാതെ ഇവർക്ക് നിവർത്തിയില്ല. ഇപ്പോൾ തന്നെ നല്ലൊരു തുക ബാങ്ക് വായ്പയായി എടുത്തത് തിരിച്ചടയ്ക്കാൻ പോലും കഴിഞ്ഞിട്ടില്ല.
കൃഷിയെ ആശ്രയിച്ച് മാത്രമാണ് ഈ കുടുംബം കഴിയുന്നത്. അമ്മയും ഭാര്യയും മകനുമൊക്കെ കൃഷിയെ സഹായിക്കുന്നു. സർക്കാർ 28 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തനിക്ക് 25 രൂപയെങ്കിലും ലഭിച്ചാൽ തന്റെ പക്കലുള്ള നെല്ല് വിറ്റ് ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ. കാർഷിക പദ്ധതികളും വിഹിതങ്ങളും ഒക്കെ നടപ്പാക്കി കർഷകരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോകുന്നുവെന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള കർഷകരെ ആര് സംരക്ഷിക്കുമെന്ന ചോദ്യമാണുയരുന്നത്.
ഫോട്ടോ..................രണ്ട്തവണ വിളവെടുത്ത നെല്ല് വീട്ടിൽ സൂക്ഷിക്കുന്ന കൊറ്റംപള്ളി സ്വദേശി മോഹനകുമാർ.