തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ എല്ലാ കേസുകളും പരാജയപ്പെടാനുണ്ടായ കാരണം പരിശോധിക്കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും അടിയന്തരമായി പരിഹരിക്കണമെന്നും വകുപ്പിലെ വർക്കിംഗ് അറേഞ്ച്‌മെന്റ് സമ്പ്രദായം അവസാനിപ്പിച്ച് സുസ്ഥിരമായ ഭരണനിർവഹണ സംവിധാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി. ഒ സംഘ് പ്രവർത്തകർ സംസ്ഥാന ഭക്ഷ്യസുരക്ഷാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.

ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശ്, ഭാരവാഹികളായ എസ്. സജീവ് കുമാർ, പാക്കോട് ബിജു, എസ്. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. വി.വി. ഉണ്ണികൃഷ്ണൻ, എസ്. ശ്യാംകുമാർ, എ.കെ. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.