kr

തിരുവനന്തപുരം: പട്ടിക ജാതി,പട്ടിക വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് സർക്കാർ നൽകുന്ന സഹായം 'ഒപ്പിച്ചു'കൊടുക്കാമെന്ന് പറഞ്ഞ് പാവങ്ങളെ കബളിപ്പിക്കുന്നതായി കണ്ടെത്തി. ചില സംഘടനകളുടെ പേരിലാണ് തട്ടിപ്പ്. ഇതു തടയാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിനു പിന്നാലെ മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫീസിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കാച്ചാണി സ്വദേശിക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളിൽ ചിലതിനൊപ്പം ഒരു ദളിത് സംഘടനയുടെ ശുപാർശ കത്ത് കണ്ടപ്പോൾ ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. മന്ത്രിയുടെ നിർദേശ പ്രകാരം, അപേക്ഷകൾ സ്വീകരിച്ചതായും ഇടനിലക്കാരന്റെ ശുപാർശ ആവശ്യമില്ലെന്നും അപേക്ഷകർക്ക് മറുപടി കത്ത് അയച്ചു. ഇതിൽ പ്രകോപിതനായാണ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്വയം പരിചയപെടുത്തിയായിരുന്നു സംസാരം. പലവട്ടം വിളിച്ച് അസഭ്യം പറഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പൊലീസിനെ അറിയിച്ചത്.

പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ -ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.രാധാകൃഷ്ണൻ തന്റെ ഓഫീസിൽ വന്ന ഫോൺകാളിനെ പറ്റി പറഞ്ഞിരുന്നു. എന്നാൽ, ഇത് നിലവിൽ വിവാദമായ പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടതാണെന്ന് വാർത്ത പ്രചരിച്ചു.

തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്നും പട്ടികജാതി, പട്ടികവർഗങ്ങൾക്കുള്ള ആനുകൂല്യത്തിൽ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.