34നഴ്സുമാർക്ക് ജോലി സംഘടനാപ്രവർത്തനമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കോർപ്പറേഷന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ പരാജയമാണ് സിക്ക വൈറസ് പടരാൻ കാരണമെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തി.
എന്നാൽ ശുചീകരണം കാര്യക്ഷമമാണെന്ന വാദമുയർത്തി ഭരണപക്ഷം പ്രതിരോധം തീർത്തു.
സിക്ക പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിലിലായിരുന്നു മണിക്കൂറുകളോളം ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിമാറിയത്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട 34 ജനിയർ ഹെൽത്ത് നഴ്‌സ്‌മാരെ (ജെ.പി.എച്ച്.എൻ) ഇടതുപക്ഷ സംഘടനാ പ്രവർത്തനം നടത്താനായി മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റി നിയമിച്ചെന്ന ആരോപണമാണ് ബി.ജെ.പി അംഗം തിരുമല അനിൽ ഉന്നയിച്ചത്.
മുന്നൊരുക്കങ്ങൾ പാളിയതിനെക്കിറിച്ച് ചർച്ച ചെയ്യണമെന്ന് യു.ഡി.എഫ് കക്ഷിനേതാവ് പി. പദ്മകുമാർ ആവശ്യപ്പെട്ടപ്പോൾ പകർച്ചവ്യാധികൾ വരുമ്പോൾ മാത്രം ബോധോദയം വന്നാൽപ്പോരെന്ന് ബി.ജെ.പി കക്ഷിനേതാവ് എം.ആർ. ഗോപനും പറഞ്ഞു.
ആരോപണങ്ങൾ കത്തിക്കയറുന്നതിനിടെ തോട്ടിപ്പണി കൗൺസിലറുടെ പണിയെല്ലന്ന ബി.ജെ.പി അംഗം ജി.എസ്. മഞ്ജുവിന്റെ പരാമർശത്തിനെതിരെ ഇടത് അംഗങ്ങൾ രംഗത്തെത്തി. തൊഴിലാളികളെ അപമാനിക്കുന്ന പരാമർശം പിൻവലിക്കണമെന്നായിരുന്നു ആവശ്യം. എൽ.ഡി.എഫ് കൗൺസിലർമാരായ എസ്. സലിം, പാളയം രാജൻ, ഡി.ആർ. അനിൽ തുടങ്ങിയവരായിരുന്നു ഭരണപക്ഷത്തിനായി പ്രതിരോധം തീർത്തത്.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് വിമർശിച്ച കരമന അജിത്തിന്റെ നെടുങ്കാട് വാർഡിൽ 18 പ്രവർത്തികൾ പൂർത്തിയായതിന്റെ മിനിട്‌സ് കൗൺസിൽ യോഗത്തിൽ ഉയർത്തിക്കാട്ടിയാണ് മേയർ ആര്യാ രജേന്ദ്രൻ മറുപടി നൽകിയത്. എന്നാൽ ജെ.പി.എച്ച്.എൻ.മാരെ മറ്റ് ജോലികൾക്ക് നിയോഗിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ഉണ്ടായില്ല.