kovalam

വിഴിഞ്ഞം: കേരളത്തിലെ 14 ജില്ലകളിലും ഒരു വർഷത്തിനുള്ളിൽ സീ ഫുഡ് റെസ്റ്റോറന്റുകൾ തുടങ്ങുമെന്നും ആദ്യഘട്ടമെന്ന നിലയിൽ കോവളത്തും കൊല്ലത്തും സീ ഫുഡ് റെസ്റ്റോറന്റുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കോവളത്തിനടുത്ത് ആഴാകുളത്ത് റെസ്റ്റോറന്റിനായി നിർമ്മിക്കുന്ന കെട്ടിടം സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിലാകും റെസ്റ്റോറന്റുകൾ പ്രവർത്തിക്കുക.

വിഴിഞ്ഞത്തേക്ക് നൽകിയ പ്രതീക്ഷ എന്ന ആംബുലൻസിനെക്കുറിച്ച് ഉയർന്ന പരാതികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി തുടങ്ങിയതായും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സീ ഫുഡ് റസ്റ്റോറന്റുകളുടെ നിർമ്മാണത്തിന്റെ ചുമതലയുള്ള തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷേക്ക് പരീത്, അസിസ്റ്റന്റ് എൻജിനിയർ വിധുൻ ശേഖർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു