abhilash

ആക്രമണം പട്ടാപ്പകൽ നടുറോഡിൽ വച്ച്

കൊല്ലം: പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിനെ മർദ്ദിച്ച് കൈകാലുകൾ തല്ലിയൊടിച്ച ക്വാട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിലായി. കരിക്കോട് സ്വദേശി അഭിലാഷ് (28), മങ്ങാട് സ്വദേശി സാജൻ (30) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

മാർച്ച് 25ന് വൈകിട്ട് 3ന് കൊല്ലം ബൈപ്പാസിന് സമീപം ആൽത്തറമൂട്ടിലായിരുന്നു സംഭവം. ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ജോസഫിനെ ബൈക്കുകളിൽ മുഖംമൂടി അണിഞ്ഞെത്തിയ ആറംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇരുമ്പുവടി കൊണ്ട് കൈകാലുകൾ തല്ലി ഒടിക്കുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജോസഫിനെ സമീപവാസികളും കച്ചവടക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെത്തിയ ബൈക്കുകളുടെ നമ്പർ വ്യാജമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് കൊല്ലം ബൈപ്പാസിലെ നിരീക്ഷണ കാമറയിൽ നിന്നാണ് ഏകദേശ വിവരങ്ങൾ ലഭിച്ചത്.

ശക്തികുളങ്ങര പൊലീസും സൈബർസെല്ലും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ അഭിലാഷിനെയും സാജനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് വ്യക്തമായത്. ആക്രമണം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ശക്തികുളങ്ങരയിൽ വീടാക്രമണവുമായി ബന്ധപ്പെട്ട തർക്കമാണ് ക്വട്ടേഷന് പിന്നിലെന്ന് സംശയിക്കുന്നു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു പറഞ്ഞു.