തിരുവനന്തപുരം: കോർപ്പറേഷന്റെ ഫോർട്ട് സോണലിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി പരാതി. നിർമ്മാണാനുമതിയും പൂർത്തിയായ കെട്ടിടങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ലഭിക്കാൻ അപേക്ഷകർ ഓഫീസ് കയറി ഇറങ്ങേണ്ട സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി മന്ത്രി എം.വി. ഗോവിന്ദന് പരാതിയെത്തി. ഓൾ കേരള ബിൾഡിസൈനേഴ്സ് ഓർഗനൈസേഷനാണ് ജനങ്ങളുടെ ദുരിതം വിവരിച്ച് ഫയൽ നമ്പരുകൾ സഹിതം പരാതി നൽകിയത്.
ആറ്റുകാൽ, കുര്യാത്തി, പെരുന്താന്നി, ചാല, ഫോർട്ട്, വെട്ടുകാട്, വേളി, വലിയതുറ എന്നിവിങ്ങളിലെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുവയ്ക്കാൻ ഇറങ്ങിയ പാവങ്ങളെയും വലയ്ക്കുന്നതായി പരാതിയിലുണ്ട്. അസി. എൻജിനീയറുടെ മുന്നിലെത്തുന്ന ഫയൽ രണ്ടുമാസത്തോളം നീക്കാതെ തുടർന്ന് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്ലാൻ തിരുത്താൻ ആവശ്യപ്പെടുന്നു. സാധാരണക്കാരോട് മാത്രമാണ് ഈ അനീതിയെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഓഫീസിൽ വെട്ടുകാട്, വേളി, വലിയതുറ, ചാല വാർഡുകൾ കൈകാര്യം ചെയ്യുന്ന ക്ലർക്ക് മാർച്ച് 30ന് വിരമിച്ചെങ്കിലും പകരം ആളെ നിയോഗിക്കാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നെന്ന് പരാതിയിൽ പറയുന്നു.