കിളിമാനൂർ: നട്ടെല്ലിന് അസുഖം ബാധിച്ച് ജോലിചെയ്യാനാകാതെ വാടകവീട്ടിൽ കഴിയുന്ന വാലുപച്ച സ്വദേശി റിയാസിനും കുടുംബത്തിനും സി.പി.എം കൈത്താങ്ങിൽ സ്നേഹവീട് ഒരുങ്ങുന്നു. വാലുപച്ച കൊല്ലുവിളയിലാണ് റിയാസും ഭാര്യയും 8വയസുള്ള മകളും നാല് വയസുള്ള മകനും താമസിച്ചുവരുന്നത്. ഒരുതുണ്ട് ഭൂമിപോലും കുടുംബത്തിനില്ല. മേസ്തിരി പണിചെയ്ത് ജീവിച്ച് വന്ന റിയാസിന് നല്ലെട്ടിന് അസുഖമായതോടെ പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. കൊവിഡ് കൂടി എത്തിയതോടെ വീട്ട് വാടക നൽകാൻ കഴിയാത്ത അവസ്ഥയിൽ കുടുംബം ആത്മഹത്യ മുനമ്പിലെത്തിയതോടെയാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവർക്കായി ഒരു സ്നേഹവീട് ഒരുക്കാൻ തീരുമാനിച്ചത്. സി.പി.എം മഞ്ഞപ്പാറ,കെ.കെ ജംഗ്ഷൻ, കുറ്റഇമൂട്, മീൻകോണം എന്നീ ബ്രാഞ്ചുകളും മഞ്ഞപ്പാറ, വാലുപച്ച, മീൻകോണം ഡി.വൈ.എഫ്.ഐ യൂണിറ്റുകളും കൈകോർത്തു. അഞ്ഞൂറോളം ചതുരശ്രഅടിയിൽ 2 കിടപ്പുമുറികളും ഹാളും സിറ്റ് ഔട്ട് അടുക്കള എന്നിവയടങ്ങിയ വീടാണ് നിർമ്മിക്കുന്നത്. 250 പേരടങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം. വീടിന്റെ തറക്കല്ലിടൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.പി. മുരളി, ആർ. രാമു, ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ,സി.പി.എം ഏരിയാകമ്മറ്റിയംഗങ്ങളായ വി.ബിനു,കെ.വത്സലകുമാർ ലോക്കൽ സെക്രട്ടറി ജയേന്ദ്രകുമാർ, സംഘാടകസമിതി ചെയർമാൻ എസ്.എ ഹാരിസ് , തൻസീർ, ഗീതമ്മ തുടങ്ങിയവർ പങ്കെടുത്തു.