ആലുവ: എടത്തല പഞ്ചായത്ത് 11-ാം വാർഡിലെ കുഴിവേലിപ്പടി - വെട്ടിക്കുഴ പി.ഡബ്ലിയു.ഡി റോഡ് അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്.അൻവർ സാദത്ത് എം.എൽ.എ വിളിച്ചു ചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ നിന്നും വിട്ടുനിന്നു.
2019ൽ റോഡ് നവീകരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും 73 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കാലപ്പഴക്കും ചെന്ന ഭൂഗർഭ കുടിവെള്ള പൈപ്പ് മാറ്റാതെ റോഡ് ടാറിംഗിനെതിരെ നാട്ടുകാർ രംഗത്ത് എത്തി. ഇതോടെ റോഡ് നവീകരണം മുടങ്ങി. പൈപ്പ് മാറ്റാൻ വാട്ടർ അതോറിട്ടി തയ്യാറാക്കിയെങ്കിലും പണം നൽകാൻ പഞ്ചായത്ത് നടപടിയുണ്ടായില്ല. തുടർന്നാണ് വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ എം.എൽ.എ മുൻകൈ എടുത്ത് പി.ഡബ്ലിയു.ഡി, വാട്ടർ അതോറിട്ടി, പഞ്ചായത്ത് പ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ യോഗം വിളിച്ചത്.
സ്ഥിരം പൊട്ടുന്ന പൈപ്പുകൾ മാറ്റുന്നതിന് 2014 ൽ പഞ്ചായത്ത് പണം നൽകി പൈപ്പ് ഇറക്കിയെങ്കിലും പിന്നീട് വന്ന ഭരണ സമിതി താല്പര്യപ്പെടാതിരുന്നതിനാൽ പദ്ധതി മുടങ്ങുകയായിരുന്നു. പൈപ്പ് മാറ്റിയ രാജ്യാന്തര നിലവാരമുള്ള ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്താനുമാണ് തീരുമാനം. പൈപ്പ് മാറ്റാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കാൻ എം.എൽ.എ വേണ്ട് നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.