health

മൂത്രനിയന്ത്രണമില്ലായ്മ സാധാരണമായൊരു ആരോഗ്യപ്രശ്നമാണ്. വിശദമായ രോഗചരിത്രം, പരിശോധന, മൂത്രപരിശോധന മുതലായവ രോഗനിർണയത്തിന് സഹായകരമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മൂത്രത്തിന്റെ കൾച്ചർ, അൾട്രാസൗണ്ട് സ്കാൻ പരിശോധന മുതലായവയും രോഗനിർണയത്തിന് വേണ്ടിവരും.

ചികിത്സയുടെ ആദ്യപടിയായി ബിഹേവിയറൽ ചികിത്സ നൽകും. കഴിക്കുന്ന ദ്രാവകങ്ങളുടെ അളവിൽ നിയന്ത്രണം, നാഭിപ്രദേശത്തെ മാംസപേശികളുടെ വ്യായാമം, കൃത്യമായ സമയങ്ങളിൽ മൂത്രം ഒഴിക്കുക മുതലായവ വഴി മൂത്രനിയന്ത്രണമില്ലായ്മ ഒരു പരിധി വരെ ശമനമുണ്ടാകും.

രണ്ടാമത്തെ പടിയാണ് മരുന്നുകൾ കൊണ്ടുള്ള ചികിത്സ. ആന്റി മാസ്‌കാരിനിക്സ്, ബി 3 അഗണിസ്റ്റ് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഫലപ്രാപ്തി തരുന്നു. ഇ. ആർ വിഭാഗത്തിൽപ്പെടുന്ന ഇത്തരം മരുന്നുകൾ ഫലപ്രാപ്തി തരുന്നു എന്നുമാത്രമല്ല, പാർശ്വഫലങ്ങൾ കുറവുമാണ്. തൊലിപ്പുറത്ത് ഒട്ടിക്കാവുന്ന പാച്ചുകൾ അല്ലെങ്കിൽ ജെൽ ലഭ്യമാണ്. ഒരു മരുന്നുകൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി കിട്ടാതെ വരികയോ പാർശ്വഫലങ്ങൾ കൂടുതലായി കാണുകയോ ചെയ്താൽ മറ്റ് മരുന്നുകൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുന്ന മരുന്നിന്റെ ഡോസിൽ കുറവ് വരുത്തുകയോ വേണം. ചില സാഹചര്യങ്ങളിൽ ഒന്നിൽ കൂടുതൽ മരുന്നുകൾ ഉപയോഗിക്കേണ്ടിവരും. കുടലിന്റെ തടസം, മൂത്രതടസം, ഗ്ളുക്കോമ മുതലായ അസുഖങ്ങളുള്ളപ്പോൾ ആന്റി മസ്‌കാരിനിക് മരുന്നുകൾ കൊടുക്കാൻ പാടില്ല.

ആരോഗ്യം ക്ഷയിച്ച രോഗികൾക്ക് ഇത്തരം മരുന്നുകൾ വളരെ കരുതലോടെയേ നൽകാൻ പാടുള്ളൂ. ചില രോഗികൾക്ക് മേൽപ്പറഞ്ഞ മരുന്ന് ചികിത്സയിൽ ഫലപ്രാപ്തി കിട്ടാതെ വരും. മൂത്രസഞ്ചിക്കകത്ത് കുത്തിവയ്ക്കുന്ന ഓണബോട്ടുലിനം ടോക്സിൻ, ന്യൂറോ മൊഡ്യുലേഷൻ ചികിത്സ മുതലായവ ഇത്തരം രോഗികൾക്ക് അനുയോജ്യമാണ്. കാലുകളിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന പി.ടി.എൻ.എസും നട്ടെല്ലിനകത്തെ നാഡികളെ ഉത്തേജിപ്പിക്കുന്ന എസ്.എൻ.എസും ന്യൂറോ മൊഡ്യുലേഷൻ ചികിത്സയുടെ ഭാഗങ്ങളാണ്. മേൽപ്പറഞ്ഞ ചികിത്സാരീതികൾ തനിച്ചോ ഒരുമിച്ചോ രോഗികൾക്ക് കൊടുക്കാവുന്നതാണ്.

ഇത്തരം ചികിത്സാരീതികൾ ഫലപ്രദമാകാതെ വരികയാണെങ്കിൽ നാലാംപടിയായി മൂത്രസഞ്ചിയുടെ വ്യാപ്തി കൂട്ടുന്നതിനുള്ള സിസ്റ്റോപ്ളാസ്‌റ്റി ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. ആന്റി മസ്‌കാരിനിക് മരുന്നുകൾ കഴിക്കുമ്പോൾ വായ വരളുക, മലബന്ധം മുതലായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഇത്തരം രോഗികൾക്ക് പാനീയ ചികിത്സ, മലബന്ധത്തിനുള്ള മരുന്നുകൾ മുതലായവ ഫലപ്രദമായി കാണാറുണ്ട്.