തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് താളം തെറ്റുന്നതായി ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാൽ ആരോപിച്ചു. ആരോഗ്യ വിദഗ്ദ്ധരിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനു പകരം ആരുടെയൊക്കെയോ ഉപദേശം കേട്ട് സർക്കാർ കൂടുതൽ അബദ്ധങ്ങൾ ചെയ്യുന്നു. കഴിഞ്ഞ ഒന്നര വർഷമായിട്ടും പഠിക്കാത്തതും തിരുത്താത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

മനുഷ്യർ മുഴുവൻ വീട്ടിലിരിക്കുന്നതല്ല കൊവിഡ് നിയന്ത്രണം. ആൾക്കൂട്ടമാണ് ഒഴിവാക്കേണ്ടത്. അതിനുള്ള നടപടികളാണ് വേണ്ടത്. ഇതിനായി ടോക്കൺ സംവിധാനം പോലെയുളള മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കണം. എല്ലാ വിഭാഗങ്ങളിലുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങൾ സർക്കാർ അന്വേഷിച്ചറിയണം. അവരുടെയൊക്കെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കണം. ഡോക്ടർമാരുടെ സംഘടനകളെപ്പോലും വേലിക്ക് പുറത്തു നിറുത്തിയിരിക്കുന്നത് ശരിയല്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.