vld-1

വെള്ളറട: ദുരിതത്തിൽ നിന്നും മോചനമില്ലാതെ പനച്ചമൂട് വേങ്കോട് നിവാസികൾ. വെള്ളറട ഗ്രാമപഞ്ചായത്തിലെ പനച്ചമൂട് - വേങ്കോട് - കൃഷ്ണപുരം വാർഡുകളിൽ ഉൾപ്പെട്ട ജനങ്ങൾ സഞ്ചരിക്കാൻ നല്ലൊരു റോഡിനായി മുറവിളികൂട്ടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് കൊടുത്ത നിവേദനങ്ങൾക്കും കണക്കില്ല. പനച്ചമൂട് പുളിമൂട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വേങ്കോട് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് അധികൃതർ തിരിഞ്ഞുനോക്കാതെയായി. ഇപ്പോൾ ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിക്ഷേധം ഉയർന്നു. നിരവധി തവണ ജനപ്രതിനിധികളെ വിവരം അറിയിച്ചുവെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ ആരും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇഴിക്കോട്,​ മലയൻകാവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പനച്ചമൂട്ടിൽ എത്തേണ്ടവർ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. ഇവിടെ നിന്നും വിളിപ്പാട് അകലെയാണ് ഗ്രാമപഞ്ചായത്ത് കാര്യാലയം. പഞ്ചായത്തിൽ ബഡ്ജറ്റിൽ തുക വകകൊള്ളിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്നും ആവശ്യപ്പെട്ട് റെസിഡൻസ് അസോസിയേഷനുകളും അധികൃതർക്ക് പരാതി നൽകുകയും നേരിട്ട് ബന്ധപ്പെട്ടിട്ടും ദുരിതത്തിൽ നിന്നും മോചനമില്ലാത്ത അവസ്ഥയാണ്.

 യാത്രക്കാർ ദുരിതത്തിൽ

റോഡിന്റെവശങ്ങളിൽ ഈ മലിനജലം കെട്ടികിടന്ന് വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് തെറിച്ച് വീഴുന്നതും പതിവാണ്. തകർന്ന റോഡിന്റെ പകുതിഭാഗത്തുള്ള ചെറിയ ഓടയിൽ വെള്ളം ഒഴുകാതെ നിറഞ്ഞു കിടക്കുന്നതികാരണം കൊതുക് ശല്യവും ഈ പ്രദേശത്ത് അതിരൂക്ഷമാണ്. അടിയന്തിരമായി ഓട നിർമ്മിച്ച് മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കിയും റോഡ് നവീകരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ട തീരുമാനത്തിലാണ് ഇവിടുത്തെ നാട്ടുകാർ.

പ്രതികരണം

ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ജനങ്ങളുടെ ദുരിതത്തിനും പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. (പനച്ചമൂട് വിജയൻ എൻ.സി.പി വെള്ളറട മണ്ഡലം പ്രസിഡന്റ് )​

 ചെറുഓടകളിൽ മലിനജലം നിറഞ്ഞ് റോഡിലൂടെ ഒഴുകുന്നതുകാരണം യാത്രക്കാ‌ർ ബുദ്ധിമുട്ടിലാണ്.

 മഴപെയ്താൽ ഈ മലിന ജലമെല്ലാം വീടുകളുടെ ഉള്ളിലേക്കുതന്നെ ഒഴുകിയെത്തുന്നു.

സമീപത്തെ കോളനിയിലെ മാലിന്യവും ഈ റോഡിലൂടെയാണ് ഒഴുകുന്നത്.

ഈ നില തുടർന്നാൽ ഇവിടുത്തെ ജനങ്ങൾ രോഗങ്ങൾക്ക് അടിമയാകും.