parvathy

സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് 'നവരസ' യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ടീസറിലെ തന്റെ ഭാഗകത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഭയാനകം എന്ന രസത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'ഇൻമയ്' എന്ന ചിത്രത്തിലാണ് പാർവതി അഭിനയിക്കുന്നത്. 'ബോൾട്ട് ക്യാമറയ്‌ക്കൊപ്പമുള്ള വർക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാൽ രസകരവും', എന്നാണ് പാർവതി വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസ്ര്രപിലാണ് ഫസ്റ്റ് ലുക്ക് ടീസർ ഒരുക്കിയിരിക്കുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ പ്രധാനമായും എട്ട് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ നടിമാരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേവതി, പാർവതി, അദിതി ബാലൻ, രമ്യ നമ്പീശൻ, പ്രയാഗ മാർട്ടിൻ, രോഹിണി, റിത്വിക, അഞ്ജലി എന്നിവരാണ് ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേദനയിലും നഷ്ടബോധത്തിലും കഴിയുന്ന സാവിത്രി എന്ന സ്ത്രീയായാണ് രേവതിയെത്തുന്നത്. 'എതിരി' എന്ന ചിത്രത്തിലൂടെയാണ് രേവതി നവരസയുടെ ഭാഗമാകുന്നത്. സ്വത്തിനു വേണ്ടി രോഗിയും വയസനുമായ ഒരാള വിവാഹം കഴിക്കേണ്ടി വന്ന മദ്ധ്യവയസ്‌കയായായ 'വാഹിദ' എന്ന കഥാപാത്രമായി പാർവതി തിരുവോത്ത് 'ഇൻമൈ'ൽ എത്തുന്നു.

ചെറുപ്രായത്തിൽ വിധവയാകേണ്ടി വന്ന ഭാഗ്യലക്ഷ്മിയായി 'പായസം' എന്ന ചിത്രത്തലൂടെ അദിതിയെത്തുമ്പോൾ ഇതേ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ രോഹിണി അവതരിപ്പിക്കുന്നു.

parvathy

'രൗദ്രം' എന്ന ചിത്രത്തിൽ അൻപുക്കരസി എന്ന കഥാപാത്രമായാണ് റിത്വിക എത്തുന്നത്. ജീവിതത്തിൽ പലതും നേടിയെടുക്കണമെന്ന് ആഗ്രഹമുള്ള പെൺകുട്ടിയാണ് അൻപുക്കരസി. 'തുണിന്ത പിൻ' എന്ന ചിത്രത്തിൽ മുത്തുലക്ഷ്മിയായി അഞ്ജലിയും 'സമ്മർ ഓഫ് 92'വിൽ ലക്ഷ്മി ടീച്ചറായി രമ്യ നമ്പീശനും എത്തുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഗിത്താർ കമ്പി മേലെ നിന്ദ്രു' എന്ന ചിത്രത്തിലാണ് പ്രയാഗ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൂര്യ, അരവിന്ദ് സ്വാമി, വിജയ് സേതുപതി, നിത്യ മേനോൻ, ഐശ്വര്യ രാജേഷ്, പൂർണ, പ്രകാശ് രാജ്, സിദ്ധാർത്ഥ്, ഗൗതം കാർത്തിക്, അശോക് സെൽവൻ തുടങ്ങിയവരാണ്.

ആഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്ളിക്സിൽ

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറിൽ നിർമിക്കുന്ന 'നവരസ' ആഗസ്റ്റ് ആറിന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാണത്തിൽ ജസ്റ്റ് ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർനാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികളാണ്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്.