നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിൽ ബിജുമേനോനും പത്മപ്രിയയും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തുന്നു. റോഷൻ മാത്യു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ജി.ആർ. ഇന്ദുഗോപന്റെ അമ്മിണിപിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പോസ്റ്റർ ഡിസൈൻ സ്ഥാപനമായ ഓൾഡ് മങ്കിന്റെ സാരഥിയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത് എൻ. ഇന്ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയുടെ സഹ എഴുത്തുകാരൻ കൂടിയാണ് ശ്രീജിത് . ജസ്റ്റിൻ വർഗീസാണ് ഒരു തെക്കൻ തല്ലുകേസിന്റെ സംഗീത സംവിധാനം.