നെയ്യാറ്റിൻകര: കരമന - കളിയിക്കാവിള ദേശീയപാത വികസനം പൂർത്തിയാക്കുന്നതിന്റെ കൂടിയാലോചനകൾക്കായി പ്രദേശത്തെ എം.എൽ.എമാരുടെയും ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെയും യോഗം ഉടൻ വിളിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചതായി ദേശീയപാത വികസന ആക്ഷൻ കൗൺസിൽ പ്രതിനിധികൾ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് ബാലരാമപുരത്ത് ഉണ്ടാകുമെന്നതിനാൽ ഭാവിയെ മുന്നിൽകണ്ടുളള വികസനമാണ് ബാലരാമപുരത്ത് നടപ്പാക്കേണ്ടതെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബാലരാമപുരം - വഴിമുക്ക് സ്ഥലമേറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്നും വഴിമുക്ക് - കളിയിക്കാവിള ഭാഗത്തെ അലൈൻമെന്റ് ഉടൻ പ്രസിദ്ധീകരിച്ച് നടപടികൾ ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളെ മന്ത്രി അറിയിച്ചു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ. എ.എസ്. മോഹൻകുമാർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ എസ്.എസ്. ലളിത്, കെ.പി. ഭാസ്ക്കരൻ, അഡ്വ. അനിരുദ്ധൻ നായർ എന്നിവരാണ് മന്ത്രിയുമായുളള ചർച്ചയിൽ പങ്കെടുത്തത്.