തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗപരിമിതർ ഉൾപ്പെടെയുള്ള തൊഴിലാളികളെ സംരക്ഷിക്കുന്ന നയമായിരിക്കണം കേരളത്തിലെ ഇടതുമുന്നണി സർക്കാർ സ്വീകരിക്കേണ്ടതെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖവില കുറയ്ക്കുക, സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, ലോട്ടറി തട്ടുകടകൾ എല്ലാദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂണിയൻ ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, വൈസ് പ്രസിഡന്റ് പട്ടം ശശിധരൻ, ജോ. സെക്രട്ടറി പി.എസ്. നായിഡു, പി. ഗണേശൻ നായർ, വട്ടിയൂർക്കാവ് സനൽകുമാർ, സന്തോഷ്, റാണി, ഷീന എന്നിവർ സംസാരിച്ചു.