കാസർകോട്: കേരളത്തിലെ സർക്കാർ ബസുകൾ ഓടിക്കുന്നതിന് കർണ്ണാടക വിലക്ക് ഏർപ്പെടുത്തിയതോടെ കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മാത്രം 32 ബസുകൾ വിശ്രമിക്കുന്നു. കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഇതിന് പുറമേവരും. തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, ആലപ്പുഴ, പാലക്കാട് ഡിപ്പോകളിൽ നിന്നുള്ള കൊല്ലൂർ-മൂകാംബിക സൂപ്പർ ഫാസ്റ്റ്, വോൾവോ ബസുകളും കട്ടപ്പുറത്താണ്. കാസകോട് നിന്ന് മംഗളൂരുവിലേക്ക് ഒരു ബസ് ഓടിയിരുന്നത് ദിവസം നാല് ട്രിപ്പുകളാണ്. അങ്ങനെ വരുമ്പോൾ 128 സർവീസുകളാണ് കാസകോട് ഡിപ്പോയിൽ നിന്ന് മാത്രം മുടങ്ങിയത്. കർണ്ണാടക ബസുകളും കേരള ബസുകളും തലപ്പാടി അതിർത്തി വരെ സർവീസ് നടത്തി മടങ്ങുകയാണ്. മംഗളൂരു പോകാത്തതിനാൽ എല്ലാ ബസുകളും ഓടിക്കാൻ കഴിയുന്നില്ല. കേരളത്തിലെ ടി.പി.ആർ നിരക്ക് കൂടുതലായതിനാൽ ബസുകൾ തലപ്പാടി അതിർത്തി കടക്കാൻ പാടില്ലെന്നാണ് ദക്ഷിണ കർണ്ണാടക കളക്ടർ പറഞ്ഞിരിക്കുന്നത്. കർണ്ണാടകത്തിൽ ടി.പി.ആർ നിരക്ക് കുറവാണെന്നും അധികാരികൾ വാദിക്കുന്നു.

ഏത് സമയത്തും ബസുകൾ ഓടിക്കാൻ കേരളത്തിലെ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും വിലക്ക് തുടരുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ വൈകുന്നത് കാരണം യാത്രക്കാർ കനത്ത പ്രയാസമാണ് നേരിടുന്നത്. കാസർകോട് നഗരസഭയിൽ ഉൾപ്പെടെ എ കാറ്റഗറിയിൽ വരികയും ഇളവുകൾ ഏറെ അനുവദിക്കുകയും ചെയ്തിട്ടും മംഗളുരുവിലേക്ക് ബസ് യാത്ര നടത്താൻ കഴിയാത്തത് വടക്കൻ മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുമെന്ന ന്യായം പറഞ്ഞാണ് അവസാന നിമിഷം കർണാടക സർക്കാർ പിന്നോട്ട് പോയത്.

ബൈറ്റ്

ബസ് സർവീസുകൾ തുടങ്ങാൻ ദക്ഷിണ കന്നഡ ജില്ലാ കളക്ടറുമായി സംസാരിക്കും. കർണാടകയുടെ സഹകരണവും ഇക്കാര്യത്തിൽ ആവശ്യമാണ്. നിയന്ത്രണങ്ങൾ മുഴുവൻ നീക്കുക എന്നത് അപ്രായോഗികമാണ്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് എന്ത് ചെയ്യാനാവുമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. മംഗളുരു യാത്രയ്ക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ ആ പ്രശ്നത്തിലും ഇടപെടും.

സ്വാഗത് ആർ. ഭണ്ഡാരി (കാസർകോട് ജില്ലാ കളക്ടർ)