തിരുവനന്തപുരം: കേരള സർവകലാശാല വൈസ്ചാൻസലറെ കെ.എസ്.യു പ്രവർത്തകർ വഴിയിൽ തടഞ്ഞു. മലയാളം മഹാ നിഘണ്ടു മേധാവിയായി ഡോ. പൂർണിമ മോഹനെ നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വൈസ്ചാൻസലർ വി.പി. മഹാദേവൻപിള്ള. കെ.എസ്.യു ജില്ലാ ഭാരവാഹികളായ കൃഷ്ണകാന്ത്, ആന്റണി ഫിനു, പ്രതുൽ, രാകേഷ് കേശു, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കേരള യൂണിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്ത പ്രവർത്തകരെ ആദ്യം കന്റോൺമെന്റ് സ്‌റ്റേഷനിലും പിന്നീട് നന്താവനം ക്യാമ്പിലും എത്തിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ ഡ്യൂട്ടിയായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായ പൂർണിമ മോഹനെ എഡിറ്ററായി നിയമിക്കാനായി തസ്തികയിലെ അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തിയെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.