visit

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് അപകടങ്ങളും മരണങ്ങളും തുടർക്കഥയായ സാഹചര്യത്തിൽ പ്രശ്നനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടി മുതലപ്പൊഴി സന്ദർശിച്ചു. മുതലപ്പൊഴി അഴിമുഖത്ത് ഹാർബറിന്റെ പ്രവേശനകവാടത്തിന്റെ വീതിക്കൂട്ടണമെന്ന ആവശ്യവും അഴിമുഖത്ത് അടിഞ്ഞ് കൂടിയ മണ്ണ് ഡ്രജ്ജ് ചെയ്ത് മാറ്റുന്നത് അടക്കമുളള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മുതലപ്പൊഴിയിലും അഞ്ചുതെങ്ങ് മരിയനാട് കടലോരമേഖലകളിലുമായി 68 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപെട്ട് നഷ്ടമായത്. അവസാനമായി അഞ്ച് ദിവസം മുമ്പ് മര്യനാട് സ്വദേശിയായ ക്രിസ്റ്റീൻ രാജ് അപകടത്തിൽപെട്ടിട്ട് ഇതുവരെ കണ്ടെത്താനായില്ല. അപകടങ്ങൾ ഒഴിവാക്കി ശാശ്വതപരിഹാരം കണ്ടെത്താൻ ഗവൺമന്റിന്റെ അനാസ്ത മതിയാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുതലപ്പൊഴി ടൂറിസം പദ്ധതി അനന്തമായി നീളുന്നതിലുളള ആശങ്ക, ഈ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും പ്രശ്നനങ്ങളും അടക്കമുളളവ മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തോട് വിശദീകരിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ്,​ കോൺഗ്രസ് നേതാക്കളായ അനൂപ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായിരുന്ന ജോഷിഭായി, ഷെറിൻ, അനിൽ, ഇമമുദ്ധീൻ, അല്ലമീൻ, ഇർഷാദ്, ജോസ് നിക്കോളാസ്, നൗഫീൻ, വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.