ddddd

 9,909 കുട്ടികൾക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം:കൊവിഡുയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് പരീക്ഷയെഴുതി മികച്ച വിജയം നേടി ജില്ലയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ. 99.16 ശതമാനം വിജയത്തോടെയാണ് ജില്ലയിലെ വിദ്യാർത്ഥികൾ പരീക്ഷയെ അതിജീവിച്ചത്. കൊവിഡ് രണ്ടാം തരംഗം ഉയർത്തിയ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ പരീക്ഷയെഴുതിയ 34,179 പേരിൽ 33,891 പേർ ഉപരിപഠനത്തിന് അർഹരായി.

കഴിഞ്ഞവർഷം വിജയശതമാനം 98.94 ആയിരുന്നു.വിജയിച്ചവരിൽ 17,134 പേർ ആൺകുട്ടികളും 16,757 പേർ പെൺകുട്ടികളുമാണ്.ജില്ലയിൽ വിജയശതമാനത്തിൽ 99.54 ശതമാനത്തോടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ.10,653 പേർ പരീക്ഷയെഴുതിയ ഇവിടെ 10,604 പേർ ജയിച്ചു. ഇതിൽ 5,516 ആൺകുട്ടികളും 5,088 പെൺകുട്ടികളുമാണുള്ളത്. 10,692 പേർ പരീക്ഷയെഴുതിയ തിരുവനന്തപുരത്ത് 10,583 പേർ വിജയിച്ചു (98.98 ശതമാനം). ഇതിൽ 5185 ആൺകുട്ടികളും 5398 പെൺകുട്ടികളുമാണുള്ളത്. 12,834 പേർ പരീക്ഷയെഴുതിയ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12,704 പേർ ജയിച്ചു (98.99 ശതമാനം). ഇതിൽ 6433 ആൺകുട്ടികളും 6271 പെൺകുട്ടികളുമാണുള്ളത്.

9,909 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 3317 ആൺകുട്ടികൾക്കും 6592 പെൺകുട്ടികൾക്കുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം 3729 വിദ്യാർത്ഥികളായിരുന്നു ഫുൾ എ പ്ലസ് നേടിയത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 3788 പേർക്കും (ആൺകുട്ടികൾ 1323, പെൺകുട്ടികൾ 2465) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 2953 പേർക്കും (ആൺകുട്ടികൾ 908, പെൺകുട്ടികൾ 2045) നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 3169 പേർക്കും (ആൺകുട്ടികൾ 1086, പെൺകുട്ടികൾ 2082) എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

 നൂറ് മേനി കൊയ്തത് 158 സ്കൂളുകൾ

158 സ്‌കൂളുകൾക്ക് നൂറുശതമാനം വിജയം നേടാനായി. 66 ഗവ. സ്‌കൂളുകളും 46 എയ്ഡഡ് സ്‌കൂളുകളും 46 അൺ എയ്ഡഡ് സ്‌കൂളുകൾക്കുമാണ് ഈ നേട്ടം. കഴിഞ്ഞവർഷം 148 സ്‌കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്.
329 പേർ വിജയിച്ച നെടുമങ്ങാട് ഗവ. ഗേൾസ് സ്‌കൂളാണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്‌കൂൾ. 245 പേർ വിജയിച്ച കുളത്തൂർ ഗവ.വി.എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. എയ്ഡഡ് സ്‌കൂളുകളിൽ 432 പേർ പരീക്ഷയെഴുതി വിജയിച്ച നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹൈസ്‌കൂൾ ഒന്നാമതും 327 പേർ വിജയിച്ച തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂൾ രണ്ടാമതുമെത്തി. അൺ എയ്ഡഡ് വിഭാഗത്തിൽ 233 പേർ പരീക്ഷയെഴുതിയ കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. 233 പേർ വിജയിച്ച ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് സ്‌കൂൾ രണ്ടാമതെത്തി.

 വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുന്നിൽ പട്ടം സെന്റ് മേരീസ്

പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. 1709 പേർ പരീക്ഷയെഴുതിയ ഇവിടെ 1704 പേർ വിജയിച്ചു. 530 പേർ പരീക്ഷയെഴുതിയ കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ സർക്കാർ സ്‌കൂൾ. ഇവിടെ 529 പേർ വിജയിച്ചു. സ്‌കൂളിലെ 186 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

 ജില്ലയിലെ വിജയം (വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, വിജയിച്ചവർ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ എന്ന ക്രമത്തിൽ)

നെയ്യാറ്റിൻകര - 10653, 10604, 3168

തിരുവനന്തപുരം - 10692, 10583, 2953

ആറ്റിങ്ങൽ -12834, 12704, 3788