തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിന് മാതൃകയാകണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുടെ ആദ്യ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന ജില്ലയിലെ വികസനപ്രവർത്തനങ്ങൾ മറ്റേത് ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കാളും വേഗത്തിലും സമയബന്ധിതമായും പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ കളക്ടറുടെ സഹായവും നേതൃപാടവവും വിനിയോഗിക്കണം. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് മികച്ച നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. എല്ലാം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. എം.എൽ.എമാർ അവരവരുടെ മണ്ഡലങ്ങളിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളെ സംബന്ധിച്ചും അവയുടെ പുരോഗതിയും നേരിടുന്ന തടസങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാലുമാസം കൂടുമ്പോൾ അവലോകനയോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസെന്റ്, സി.കെ. ഹരീന്ദ്രൻ, ജി. സ്റ്റീഫൻ, വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, വി. ശശി, വി. ജോയ്, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.