തിരുവനന്തപുരം: വ്യാപാരികളുടെ സമരം പ്രതിപക്ഷം മുതലെടുക്കുന്നത് സംസ്ഥാനത്ത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയേക്കാമെന്ന തിരിച്ചറിവിലാണ് ചർച്ചയ്ക്ക് വഴി തെളിഞ്ഞത്.
കടകൾ തുറക്കാനാവാതെ വിഷമിക്കുന്ന വ്യാപാരികൾ പ്രത്യക്ഷസമരങ്ങളിലേക്ക് കടക്കുമ്പോൾ, ജനവികാരം തിരിച്ചറിയാതെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രകോപിതനായെന്ന വിമർശനവും ഉയർന്നു. വ്യാപാരികളുടെ പ്രതിഷേധവും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന മറ്റ് വിമർശനങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കി. ഇത് തിരിച്ചറിഞ്ഞ പ്രതിപക്ഷം പൊതുവികാരം അനുകൂലമാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഭരണത്തുടർച്ചയ്ക്ക് സർക്കാരിന്റെ കൊവിഡ് പ്രതിരോധ ഇടപെടലും കാരണമാക്കിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഈ നീക്കത്തിന് ഏറെ രാഷ്ട്രീയമാനമുണ്ട്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വിമർശനത്തിന് വിധേയമാവുന്നുണ്ട്. എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാതിരിക്കുമ്പോൾ, തുറക്കുന്ന ദിവസങ്ങളിലെ തിരക്ക് കൂട്ടും. ഇത് കൊവിഡ് വ്യാപനം തടയാൻ ഉപകരിക്കില്ലെന്നാണ് വിമർശനം. എല്ലാ ദിവസവും തുറക്കുന്നത് നിത്യവരുമാനക്കാർക്ക് കൂടുതൽ ആശ്വാസവുമാവും. അശാസ്ത്രീയ നിയന്ത്രണങ്ങൾ മാറ്റണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ഇൗ സാഹചര്യത്തിലും കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവിന് സർക്കാർ ഒരുക്കമായിട്ടില്ല. ശനി, ഞായർ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുകയാണ്. ബക്രീദും ഓണവുമടുക്കുമ്പോൾ കച്ചവടം സജീവമാക്കാൻ അനുവദിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ: കെ. സുധാകരൻ
വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ കടയടപ്പിക്കലുമായി സർക്കാർ മുന്നോട്ടുപോയാൽ പ്രതികരിക്കാൻ കച്ചവടക്കാർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരുമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താലേഖകരോട് പറഞ്ഞു. വ്യാപാരികളെ അനുനയിപ്പിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി തെരുവുഭാഷയിൽ പ്രതികരിച്ചത് അംഗീകരിക്കാനാവില്ല. കെട്ടുതാലിവരെ പണയപ്പെടുത്തി കടമെടുത്ത് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യാപാരികളോട് സംസാരിക്കേണ്ട ഭാഷയല്ല മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.
കച്ചവടക്കാരുടെ പ്രയാസങ്ങളും ദുരിതങ്ങളും കേൾക്കാനും മനസിലാക്കാനും മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണം. കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ അവരെ അപമാനിക്കാതിരിക്കാനെങ്കിലും മുഖ്യമന്ത്രി സുമനസ് കാട്ടണം.
സ്വകാര്യ ബസുടമകളും ആത്മഹത്യയുടെ വക്കിലാണ്. കൊവിഡ് നിയന്ത്രണങ്ങളെ വിലകുറച്ച് കാണുന്നില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോൾ കേരളത്തിൽ ടി.പി.ആർ ഉയരുന്നത് സർക്കാരിന്റെ ആസൂത്രണത്തിലെ പിഴവുകൊണ്ടാണ്.
കൊവിഡ് മൂന്നാം തരംഗം വരാനിരിക്കെ, വാക്സിൻ വിതരണം ഇതുവരെ കേരളത്തിൽ പൂർത്തിയായിട്ടില്ല. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പോലും വാക്സിൻ നൽകിയില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയില്ല. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ചില അന്തർധാരകളുണ്ട്. ബി.ജെ.പിയുടെ മുഖ്യശത്രു സി.പി.എമ്മല്ല, കോൺഗ്രസാണ്.
ഡൽഹി അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊളിച്ചത് മതേതരത്വത്തിന് മേൽ പതിച്ച ഒടുവിലത്തെ കോടാലിയാണെന്നും സുധാകരൻ പറഞ്ഞു.