നെടുമങ്ങാട്:കൊവിഡ് തരംഗങ്ങളെ തകർത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോര മേഖലയിലെ പൊതുവിദ്യാലയങ്ങൾ കരസ്ഥമാക്കിയത് പത്തരമാറ്റ് വിജയം.ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായ രണ്ടാംതവണയും നൂറുമേനി വിജയം കൊയ്ത്തു.പരീക്ഷക്കിരുന്ന 329 വിദ്യാർത്ഥികളും വിജയിച്ചു.148 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നെടുമങ്ങാട് താലൂക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതും ഏറ്റവും കൂടുതൽ എ പ്ലസ് നേടിയതും ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ്. മന്ത്രി ജി.ആർ അനിൽ, നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വസന്തകുമാരി, പി.ടി.എ പ്രസിഡന്റ് പേരയം ജയൻ എന്നിവർ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു. നഗരസഭയിലെ പ്രമുഖ സർക്കാർ വിദ്യാലയമായ പൂവത്തൂർ എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 75 പേരും വിജയിച്ചു. 100 ശതമാനം വിജയം. 13 പേർ മുഴുവൻ വിഷയങ്ങൾക്കും15 പേർ 9 വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർത്ഥികളെയും മുഴുവൻ അദ്ധ്യാപകരെയും പി.ടി.എ പ്രസിഡന്റ് എസ്. എസ്. ബിജു അഭിനന്ദിച്ചു. നഗരസഭയിലെ കരുപ്പൂര് ഗവണ്മെന്റ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 96 പേരിൽ ഒരാളൊഴികെ എല്ലാപേരും തുടർപഠനത്തിന് അർഹത നേടി 99 ശതമാനം വിജയം കരസ്ഥമാക്കി. 26 പേർ എ പ്ലസ് നേടി. എല്ലാ വിഷയത്തിനും എപ്ലസ് നേടിയ ആദിത്യ, അഖില, അഖിലേഷ്, അമലാപ്രസാദ്, ആമിന, അനന്തു, അനൂപ്, അരുൺ, അശ്വതി, അശ്വനി എസ്.നായർ, ബിജിതാജയൻ, ബിജിത് ജയൻ, ദേവിക, ഹൃദ്യാകൃഷ്ണ, ജ്യോതിക, മേഘമോഹൻ, മിഷ കെ.തമ്പി, രാധിക, രാഹുൽരാജ്, രോഹിത് കുമാർ, സനൂഷ്, സിധിൻ എസ്.നായർ, ശ്രീരാജ്, സൂഫിയാ സജാദ്,എസ്.ആർ സുരഫ്, വർഷ എന്നീ കുട്ടികളെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു.അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്കിരുന്ന 185 കുട്ടികളിൽ 184 പേരും വിജയിച്ചു. 99.55 ശതമാനം വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. 50 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.വിജയികൾക്കും അദ്ധ്യാപകർക്കും എസ്.എം.സി ചെയർമാൻ മണികണ്ഠൻ നായരും പി.ടി.എ പ്രസിഡന്റ് ഇ.കെ മോഹനനും അനുമോദനം അറിയിച്ചു.